നടിയെ ആക്രമിച്ച കേസില്‍ മകന്‍ നിരപരാധിയാണ്: മുഖ്യമന്ത്രിക്ക് ദിലീപിന്റെ അമ്മയുടെ കത്ത്


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. കേസ് അന്വേഷണം സത്യസന്ധമായ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഈ മാസം 11 ന് അമ്മ സരോജം ദിലീപിനെ ആലുവ സബ് ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. മകന്‍ നിരപരാധിയാണ്. മകനെ കേസില്‍ കുടുക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടന്നിട്ടുണ്ട്. കേസിലെ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണം. കത്തില്‍ പറയുന്നു.

ഇളയമകന്‍ അനൂപിനൊപ്പമായിരുന്നു സരോജം ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്. ദിലീപിന്റെ ജയില്‍വാസം ഒരു മാസം പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സന്ദര്‍ശനം. വൈകാരികമായ രംഗങ്ങള്‍ക്കായിരുന്നു അന്ന് ആലുവ സബ് ജയില്‍ സാക്ഷ്യം വഹിച്ചത്. ദിലീപിനെ കണ്ട അമ്മ പൊട്ടിക്കരഞ്ഞു. നീ എന്ന് വീട്ടിലേക്ക് വരുമെന്ന ചോദ്യത്തിന് ഉടന്‍ തന്നെ എത്തുമെന്നായിരുന്നു ദിലീപിന്റെ മറുപടി.

കേസില്‍ ദിലീപിന് ശക്തമായ പിന്തുണയാണ് പിസി ജോര്‍ജ്ജ് എംഎല്‍എ നല്‍കുന്നത്. ദിലീപ് നിരപരാധിയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ജോര്‍ജ്ജ്. കേസിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന നിലപാടിലാണ് ജോര്‍ജ്ജും. നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളിലും ജോര്‍ജ്ജ് ഉറച്ച് നില്‍ക്കുകയാണ്.

DONT MISS
Top