ഇനി ധൈര്യ സമേതം വിമര്‍ശിക്കാം ആരുമറിയില്ല; സറാഹ മൊബൈല്‍ ആപ്പ് വൈറലാകുന്നു

ഉപദേശങ്ങളായാലും വിമര്‍ശനങ്ങളായാലും ഒരു വ്യക്തിയോട് നേരില്‍ പറയാന്‍ മടി കാണിക്കുന്നവരാണ് പൊതുവെ എല്ലാവരും. ഇത്തരക്കാര്‍ക്ക് സഹായകകരമായി രംഗത്തെത്തിയിരിക്കുകയാണ് സറാഹാഹ് എന്ന സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷന്‍. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായ പ്രകടനങ്ങളും നടത്താന്‍ കഴിയുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. പുറത്തിറങ്ങി കുറച്ച് മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും ഇതിനകം വന്‍ സ്വീകാര്യതയാണ് ആപ്പിന് ലഭിച്ചിരിക്കുന്നത്.

പരസ്യമായി പറയാന്‍ മടിക്കുന്ന എന്ത് കാര്യവും ധൈര്യസമേതം തുറന്നു പറയാം എന്നതാണ് സറാഹാഹ് ആപ്പിന്റെ പ്രത്യേകത. കാരണം ആരാണ് മെസേജ് അയക്കുന്നതെന്ന് മനസ്സിലാക്കാനുള്ള സംവിധാനം ഈ മൊബൈല്‍ ആപ്ലിക്കേഷനിലില്ല. ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താന്‍ ആപ്പ് സഹായിക്കും എന്നാണ് ഡവലപ്പര്‍മാര്‍ അവകാശപ്പെടുന്നത്.

ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും ആപ്പ് ഉപയോഗിക്കാന്‍ കഴിയും. വരുന്ന സന്ദേശങ്ങള്‍ ഒരു ഇന്‍ബോക്‌സിലാണ് കാണിക്കുക. ഈ സന്ദേശങ്ങള്‍ ഫ്‌ലാഗ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ ആവാം. സന്ദേശങ്ങള്‍ക്ക് മറുപടി അയക്കാനും കഴിയും. സറാഹാഹ് പ്രൊഫൈല്‍ മറ്റ് സോഷ്യല്‍ മീഡിയകളുമായ ബന്ധിപ്പിക്കാമെന്നത് ആപ്പിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

സൗദി സ്വദേശിയായ സൈന്‍ അലാബ്ദീന്‍ തൗഫീഖാണ് സറാഹാഹ് എന്ന ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. sarahah എന്നാണ് എഴുതുന്നതെങ്കിലും ആളുകള്‍ അവരവരുടെ താല്‍പര്യമനുസരിച്ച് സാറ എന്നും സാറാഹാഹ് എന്നുമൊക്കെ വിളിക്കുന്നു. മലയാളികള്‍ ആപ്പിന് സാറാമ്മ എന്ന ഓമനപ്പേരും നല്‍കിയിരിക്കുന്നു.

ആന്‍ഡ്രോയിഡ് ഐഒഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സറാഹാഹ് ആപ്പിന് ഈജിപ്തിലും സൗദി അറേബ്യയിലും ഇന്ത്യയിലുമാണ് ഇപ്പോള്‍ ഏറെ ഉപഭോക്താക്കളുള്ളത്. ജൂലായില്‍ മാത്രം മുപ്പത് രാജ്യങ്ങളിലാണ് സറാഹാഹ് ആപ്പ് പുറത്തിറക്കിയത്. ബിബിസിയുടെ റിപ്പോര്‍ട്ട അനുസരിച്ച് 3 കോടി ഉപയോക്താക്കളാണ് നിലവില്‍ ആപ്പ് ഉപയോഗിക്കുന്നത്.

DONT MISS
Top