ഒളിച്ചുനിന്ന് എന്തും പറയാം, പിടിക്കപ്പെടില്ല!; മനസുതുറക്കാന്‍ സറാഹാ ആപ്പ്

സറാഹാ ആപ്പ്

ഓരോ കാലത്തും ഓരോ ആപ്പുകള്‍ സൈബര്‍ ലോകത്തെ താരമാകാറുണ്ട്. സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ് സറാഹാ ആപ്പ്. പ്രിസ്മയും ഫേയ്‌സ് ആപ്പുമെല്ലാം ഓരോ സമയത്ത് ട്രെന്‍ഡിംഗ് ലിസ്റ്റുകളിലെത്തി. ഇപ്പോഴിതാ ഒരു പുതിയ താരം എത്തിക്കഴിഞ്ഞു.

സറാഹാ ആപ്പാണ് ഇപ്പോള്‍ മലയാളികളും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്. കാര്യം ഈ ആപ്പ് പ്ലേ സ്റ്റോറിലെത്തിയിട്ട് മാസം കുറച്ചായെങ്കിലും ഇതിന്റെ ശരിക്കുള്ള ഉപയോഗം മലയാളിക്ക് മനസിലായത് ഇയ്യിടെയാണ്. സംഗതി സിമ്പിളാണ്. അക്കൗണ്ടുള്ള ആര്‍ക്കും ആരോടും മെസ്സേജ് അയയ്ക്കാം. എന്നാല്‍ ഒരു പ്രത്യേകതയുണ്ട്. അതാണ് ആപ്പിന്റെ ഹൈലൈറ്റും. മെസ്സേജ് അയച്ച ആളിന് ആരാണ് തനിക്ക് ഈ മെസ്സേജ് അയച്ചതെന്ന് മനസിലാവില്ല. അതായത് മുഖത്തുനോക്കി പറയാന്‍ മടിക്കുന്ന എന്തും എഴുതിവിടാം എന്നര്‍ത്ഥം. ആരാണ് അയച്ചതെന്ന് മനസിലാകാത്തതുകൊണ്ടുതന്നെ മറുപടി അയയ്ക്കാനും സാധിക്കില്ല.

ഇതിനിടയിലുള്ള മനസിലാക്കിയിരിക്കേണ്ട ഒരു കാര്യമുണ്ട്. ഇത്തരം അനോണിമസ് സന്ദേശങ്ങള്‍ വായിക്കാനുള്ള മനസ് ഉള്ളയാള്‍ക്ക് മാത്രമേ മെസ്സേജ് ലഭിക്കൂ. അതായത് തനിക്ക് ആരും എന്തും അയച്ചുകൊള്ളട്ടെ എന്ന തുറന്ന മനസ്സോടെ സറാഹാ അക്കൗണ്ട് നിര്‍മിച്ച് അതിന്റെ ഐഡി പരസ്യപ്പെടുത്തുന്നവര്‍ക്കുമാത്രമേ ഇത്തരം സന്ദേശങ്ങള്‍ മറ്റുളളവര്‍ അയയ്ക്കൂ. നിര്‍മിച്ച അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തുവേണം മെസ്സേജ് വായിക്കാന്‍. എന്നാല്‍ ഇത്തരം ഐഡികള്‍ ഉള്ളവരിലേക്ക് മെസ്സേജ് അയയ്ക്കാന്‍ അക്കൗണ്ടിന്റെ ആവശ്യമില്ല. ആരുടെയും ഐഡിയില്‍ പോവുക, നേരെ മെസ്സേജ് അയയ്ക്കുക, അത്രതന്നെ.

ഒരാളുടെ നേരെ നിന്ന് സംസാരിക്കാനുള്ള പ്രയാസത്തിന് നാം മെസ്സേജ് അയയ്ക്കാറുണ്ട്. എന്നാല്‍ അവിടെയും ചില മടികള്‍ ഉണ്ടായേക്കാം. സറാഹാ ആപ്പിന്റെ പ്രസക്തി അവിടെയാണ്. സ്വന്തം കുടുംബത്തിലുള്ള മുതിര്‍ന്നവരോടോ സ്വന്തം ബോസിനോടോ അജ്ഞാതനായി നിന്ന്‌ മനസുതുറക്കാം. അടുത്ത കൂട്ടുകാരന്റെ തെറ്റായ സ്വഭാവവും പറഞ്ഞുകേള്‍ക്കുന്ന കരക്കമ്പിയും ഇങ്ങനെ അറിയിക്കാം. മാത്രമല്ല, സ്‌നാപ്പ് ചാറ്റ് പ്രൊഫൈലുമായി സറാഹാ പ്രൊഫൈല്‍ ബന്ധിപ്പിക്കാം. ഇതൊക്കെക്കൊണ്ടുതന്നെ സറാഹാ ആപ്പ് വലിയ പ്രചാരം നേടുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top