രാജ്യത്തെ നടുക്കി കൊലയാളി ഗെയിം വീണ്ടും; പശ്ചിമ ബംഗാളില്‍ പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: ആത്മഹത്യ ഗെയിംമായ ബ്ലൂവെയിലിന് അടിമപ്പെട്ട് പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയതു. ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലെ ആനന്ദ്പൂര്‍ ടൗണ്‍ സ്വദേശി അങ്കണ്‍ ദേയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച കുളിക്കാനായി പോയ അങ്കണ്‍ പിന്നീട് ബാത്ത് റൂമിന് പുറത്തേക്ക് വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്തിയത്. കുട്ടിയുടെ തല പ്ലാസ്റ്റിക് ബാഗ് കൊണ്ട് മൂടിയിട്ടുണ്ടായിരുന്നു. കൂടാതെ കഴുത്തില്‍ മുറുകിയ നിലയില്‍ കയറും കണ്ടെത്തിയതായി ബന്ധുക്കള്‍ പ്രതികരിച്ചു. അങ്കണ്‍ മാസങ്ങളായി ബ്ലൂവെയില്‍ കളിക്കാറുണ്ടെന്ന് കുട്ടിയുടെ സുഹൃത്ത് പൊലീസിനോട് പറഞ്ഞു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം 100 ഓളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനോടകം 2000 ല്‍ അധികം ആളുകള്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരങ്ങള്‍. അടുത്ത കാലത്തായിട്ടാണ് കൊലയാളി ഗെയിം ഇന്ത്യയിലുമെത്തിയത്. ഗെയിമിന് അടിമപ്പെട്ട് കഴിഞ്ഞമാസം ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി മുംബൈയിലെ അന്തേരിയില്‍ ആത്മഹത്യ ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെ ഇന്‍ഡോറില്‍ ജീവനൊടുക്കാന്‍ 13 വയസുകാരി ശ്രമിച്ചിരുന്നു.

റഷ്യന്‍ യുവാവ് ഫിലിപ്പ് ബുഡികിന്‍ എന്ന 22 വയസ്സുകാരനാണ് കളിയ്ക്കുന്നവരെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന കൊലയാളി ഗെയിമിന് പിന്നിലുള്ളത്. 2013ലാണ് ബ്ലൂവെയില്‍ ഗെയിം ബുഡികിന്‍ അവതരിപ്പിക്കുന്നത്. ഒറ്റപ്പെട്ട് കഴിയുന്നവരും, സൗഹൃദങ്ങള്‍ കുറവുള്ളവരുമായ കൗമാരപ്രായക്കാരെയാണ് ഇയാള്‍ ഗെയിമിന്റെ വലയില്‍ കുരുക്കിയിരുന്നത്.

ബ്ലൂ വെയല്‍ എന്ന ഗെയിം കളിക്കുന്നയാളുകള്‍ ഒരോ സ്‌റ്റേജുകള്‍ പിന്നിടുമ്പോളും സമനിലയില്‍ നിന്നും വഴുതി മാറുകയും അവസാന സ്‌റ്റേജില്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരകമാകുന്നു എന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗെയിം തുടങ്ങിയെന്ന് കരുതപ്പെടുന്ന റഷ്യയില്‍ ഇത്തരത്തില്‍ എതാണ്ട് 100 കൗമാരക്കാരുടെ മരണത്തിന് ഈ ഗെയിം കാരണമായിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

പാതിരാത്രിയില്‍ ഭീതിപ്പെടുത്തുന്ന പ്രേത സിനിമകള്‍ കാണാനാണ് ആദ്യഘട്ടത്തില്‍ ഗെയിം ആവശ്യപ്പെടുന്നത്. പിന്നീടുള്ള ലെവലിലേക്ക് പുരോഗമിക്കുമ്പോള്‍ സ്വന്തം ശരീരത്തില്‍ മുറിവേല്‍പ്പിക്കാനും ആവശ്യപ്പെടുന്നു. ഇതിന് തെളിവുകളായി ഫോട്ടോകള്‍ അയച്ചുകൊടുക്കാനും ഗെയിമില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഗെയിം നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ ഭീഷണി സന്ദേശമായിരിക്കും ലഭിക്കുക. അമ്പതു സ്‌റ്റേജുള്ള ഗെയിമിന്റെ അവസാന ഘട്ടത്തില്‍ കളിക്കാരനെ ആത്മഹത്യ ചെയ്യാനാണ് വെല്ലുവിളിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top