“ഒരിക്കല്‍ അര്‍ണബ് എന്ന കൂട്ടുകാരുടെ വിളി എനിക്ക് അഭിമാനമായിരുന്നു, ഇന്ന് അത് അപമാനമാണ്; നിങ്ങള്‍ ഏറ്റവും വലിയ അവസരവാദി”: അര്‍ണബിനെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് 18 കാരന്‍ (വീഡിയോ)

അര്‍ണബ് ഗോസ്വാമി

ദില്ലി: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് 18 കാരന്‍. അര്‍ണബ് സംഘപരിവാറിന്റെ കൈയിലെ കളിപ്പാവയായെന്നും മാധ്യമപ്രവര്‍ത്തനത്തിന്റെ എല്ലാ ധാര്‍മികതയും അദ്ദേഹം ലംഘിക്കുകയാണെന്നും വീഡിയോയിലൂടെ ഫലീദ് ഹമാനി എന്ന പയ്യന്‍ കുറ്റപ്പെടുത്തു. വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.

അര്‍ണബിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഈ വിദ്യാര്‍ത്ഥി ഉന്നയിക്കുന്നത്. കുട്ടിക്കാലത്ത് കൂട്ടുകാര്‍ തന്നെ അര്‍ണബ് എന്ന് വിളിക്കുന്നത് കേട്ട് അഭിമാനിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് ആ വിളി കേള്‍ക്കുമ്പോള്‍ അപമാനമാണ് തോന്നുന്നതെന്നും ഫലീദ് പറയുന്നു. ലോകം കണ്ട ഏറ്റവും വലിയ അവസരവാദിയും കാപട്യക്കാരനുമാണ് താങ്കള്‍.

ടൈംസ് നൗ ചാനലില്‍ ആയിരിക്കെ ബീഫ് നിരോധനത്തെ വിമര്‍ശിച്ച അര്‍ണബ് തന്റെ പുതിയ സംരംഭമായ റിപ്പബ്ലിക് ചാനലില്‍ ബീഫ് നിരോധനത്തെ അനുകൂലിച്ചാണ് വാര്‍ത്തകള്‍ നല്‍കുന്നത്. സംഘപരിവാറുകാര്‍ അര്‍ബിനെ വിലയ്‌ക്കെടുത്തതിന് ശേഷമാണ് ഈ മാറ്റം. ഇത് വ്യക്തമാക്കാന്‍ രണ്ട് ചാനലുകളിലേയും ചര്‍ച്ചകളുടെ വീഡിയോയും ഫലീദ് കാണിക്കുന്നുണ്ട്.

അര്‍ണബ് ഗോസ്വാമിയുടെ അച്ഛന്‍ മധുരഞ്ജന്‍ ഗോസ്വാമി 1998 നേരത്തെ ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് തോറ്റതും ഫലീദ് വീഡിയോയില്‍ സൂചിപ്പിക്കുന്നു. ബിജെപിക്ക് വേണ്ടി മത്സരിച്ച ഒരച്ഛന്റെ മകന്‍ ഇങ്ങനെയല്ലാതെ എങ്ങനെയാണ് പെരുമാറുക.

തന്റെ പുതിയ ചാനലിന് ബിജെപി ഫണ്ടിംഗ് ഇല്ലെന്ന ഗോസ്വാമിയുടെ വാദത്തെയും ഫലീദ് പൊളിച്ചടുക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖര്‍ എംപിക്കാണ് ചാനലില്‍ ഏറ്റവുമധികം നിക്ഷേപം ഉള്ളതെന്നും ഇയാള്‍ കഴിഞ്ഞ കുറേ നാളുകളായി ബിജെപിയുടെ രാജ്യസഭാ എംപിയാണെന്നുമുള്ള ഫലീദ് ചൂണ്ടിക്കാട്ടുന്നു. പിന്നെങ്ങനെ അര്‍ണബിന് ഇങ്ങനെ പറയാന്‍ കഴിയുമെന്ന് ഫലീദ് ചോദിക്കുന്നു.

കുട്ടിക്കാലം മുതല്‍ മാധ്യമം ജനാധിപത്യത്തിന്റെ നാലം തൂണ് എന്ന് കേട്ടാണ് വളര്‍ന്നത്. മീഡിയ ജനങ്ങളുടെ കണ്ണും കാതും എന്നാണ് കേട്ടുവളര്‍ന്നത്. കാരണം ഏറ്റവും ചെറിയതുമുതല്‍ അന്തര്‍ദേശീയമായതുവരെയുള്ള വാര്‍ത്തകള്‍ ജനങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ മാധ്യമസ്ഥാപനങ്ങള്‍ പക്ഷപാതം പിടിക്കുന്നത് ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. എന്നാല്‍ ഇന്ന് ഭൂരിപക്ഷം മാധ്യമങ്ങളും പക്ഷപാതപരമായാണ് പെരുമാറുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ താത്പര്യത്തിന് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വീഡിയോയില്‍ ഫലീദ് പറയുന്നു.

DONT MISS
Top