“ആള്‍ദൈവത്തില്‍നിന്ന് ബിസിനസുകാരനിലേക്ക്, ബാബാ രാംദേവിന്റെ ആരും പറയാത്ത കഥ”, രാംദേവിനെ തുറന്നുകാട്ടുന്ന പുസ്തകത്തിന് നിരോധനം

നിരോധിച്ച പുസ്തകം, രാംദേവ്‌

പതഞ്ജലി ഗ്രൂപ്പിന്റെ സ്ഥാപകനായ ബാബാ രാംദേവിന്റെ ജീവിതം വിമര്‍ശനപരമായി വിലയിരുത്തുന്ന പുസ്തകത്തിന് നിരോധനം. ദില്ലി കര്‍ക്കദുമയിലെ ജില്ലാ കോടതിയാണ് പുസ്തകം നിരോധിച്ചത്. ഗോഡ്മാന്‍ ടു ടൈക്കൂണ്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് ബാബാ രാംദേവ് എന്ന പുസ്തകമാണ് എല്ലാത്തരത്തിലുള്ള വില്‍പനയില്‍നിന്നും ഒഴിവാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

പ്രിയങ്ക പഥക്-നരേന്‍ എഴുതി ജഗര്‍നോട്ട് ബുക്ക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഇതോടെ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ ഉള്‍പ്പെടെ വില്‍പന നിര്‍ത്തിവച്ചു. രാംദേവിന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പുസ്തകം വായിച്ച് തന്റെ ആരാധകരാണ് വിളിച്ച് കാര്യം അറിയിച്ചതെന്നും പുസ്തകത്തില്‍ നിറയെ അസത്യമാണെന്നുമായിരുന്നു രാംദേവിന്റെ വാദം.

തെളിവുകളോ മറ്റ് സ്ഥിരീകരണങ്ങളോ ഇല്ലാത്ത കാര്യമാണ് പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തിന് വില്‍പ്പന കൂടാന്‍വേണ്ടി മാത്രമാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. വിവാദവിഷയങ്ങള്‍ മാത്രമാണ് പുസ്തകത്തില്‍ വിശദീകരിക്കുന്നത്. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് രാംദേവ് അവകാശപ്പെട്ടത്.

കോടതി ഉത്തരവില്‍ മറ്റഭിപ്രായങ്ങള്‍ ഒന്നുമില്ലെങ്കിലും പുസ്തകത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രസാധകര്‍ പറയുന്നു. ഉത്തരവ് മരവിപ്പിക്കാന്‍ മേല്‍ക്കോടതിയെ സമീപിക്കും. പ്രസാധകര്‍ പറയുന്നു. രാംദേവുമായി ബന്ധപ്പെട്ട ചില മരണങ്ങളുടെ പിന്നാമ്പുറങ്ങള്‍ ഉള്‍പ്പെടെ പ്രതിപാദിക്കുന്ന പുസ്തകം വിപണിയില്‍ തുടര്‍ന്നാല്‍ രാംദേവിനും പതഞ്ജലിക്കും വലിയ നഷ്ടങ്ങള്‍ സൃഷ്ടിച്ചേക്കുമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top