‘ദേ അടുത്തത്, ‘പരോള്‍’ സുര; മഅദനി പരോളിലിറങ്ങിയെന്ന് പറഞ്ഞ കെ സുരേന്ദ്രനെ ട്രോളി സോഷ്യല്‍ മീഡിയ; ഒടുവില്‍ തെറ്റു തിരുത്തി തടിതപ്പി

കൊച്ചി: കെ സുരേന്ദ്രനെ ‘കൊന്നു കൊലവിളിച്ച്’ സോഷ്യല്‍ മീഡിയ. അബ്ദുള്‍ നാസര്‍ മഅദനിയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലിട്ട ഒരു കുറിപ്പാണ് സുരേന്ദ്രന് വിനയായത്. പരോളില്‍ ഇറങ്ങിയ മഅദനി എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സുരേന്ദ്രന്‍ ആദ്യം പറഞ്ഞത്. ഇതോടെ പരോളും ജാമ്യവും തമ്മിലുള്ള വ്യത്യാസമറിയില്ലേ എന്ന ചോദ്യവുമായി ചിലരെത്തി. ‘പരോളല്ല ബ്രോ, ജാമ്യം’ എന്ന് ചൂണ്ടിക്കാട്ടിയവരുണ്ട്. ‘ഈ പോസ്റ്റും അബദ്ധമാണല്ലോ സുരേ, ഇങ്ങേര് എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ’ എന്ന് അടുത്ത കമന്റ്.

മദനി പരോളിലല്ല, ജാമ്യത്തിലാണ് എന്ന് ചൂണ്ടിക്കാട്ടിയ ഒരു ഉപയോക്താവ്, സുരേന്ദ്രന് പോസ്റ്റു മുക്കാന്‍ സമയമായെന്ന് പറഞ്ഞു പരിഹസിച്ചു. വൈകാതെ തന്നെ സുരേന്ദ്രന്‍ പോസ്റ്റ് എഡിറ്റ് ചെയ്ത് താല്‍ക്കാലിക രക്ഷ പ്രാപിച്ചു. സുരേന്ദ്രനെ പിന്തുണച്ചെത്തിയവരും ഉണ്ട്.

മഅദനിക്ക് തലശ്ശേരില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ അവസരം നല്‍കിയതുമായി ബന്ധപ്പെട്ട് പൊലീസിനെ വിമര്‍ശിച്ചായിരുന്നു സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇവിടെയാണ് ജാമ്യത്തിന് പകരം പരോള്‍ എന്നെഴുതി സുരേന്ദ്രന്‍ സ്വയം കുഴി കുഴിച്ചത്. മകന്റെ വിവാഹത്തിനായി കേരളത്തിലെത്തിയ തീവ്രവാദക്കേസിലെ പ്രതി മഅദനിക്ക് തലശ്ശേരിയില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ സൗകര്യമൊരുക്കിയ സംസ്ഥാന പൊലീസിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുരേന്ദ്രന്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഗുതരമായ ഈ കുറ്റം ഇടതുസര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് നടന്നത്. തലശ്ശേരി പാരീസ് പ്രസിഡന്‍സി ഹാളില്‍ നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വാര്‍ത്താസമ്മേളനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന് ഒത്താശ ചെയ്യുന്നത് കാണാമായിരുന്നു. കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇടതു സര്‍ക്കാരിന്റെ ദേശവിരുദ്ധ നിലപാടിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

DONT MISS
Top