‘ഇത് ബിജെപി നേതാവിനുള്ള മറുപടി’; രാത്രിയില്‍ പുറത്തു നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് യുവതികള്‍; ഈ ഹാഷ് ടാഗ് ക്യാമ്പെയ്ന്‍ ഹിറ്റ്

ചണ്ഡിഗഢ്: ബിജെപി നേതാവിന്റെ മകന്റെ അതിക്രമം നേരിട്ട യുവതിക്ക് നേരെ പാര്‍ട്ടിയുടെ ഹരിയാന വൈസ് പ്രസിഡന്റ് രാംവീര്‍ ഭാട്ടിയുടെ അധിക്ഷേപകരമായ ചോദ്യം ചെയ്യല്‍ വിവാദമായിരുന്നു. ‘എന്തുകൊണ്ടാണ് ആ പെണ്‍കുട്ടിയെ അര്‍ദ്ധരാത്രി ചുറ്റിത്തിരിയാന്‍ അനുവദിച്ച’തെന്നായിരുന്നു രാംവീര്‍ ചോദിച്ചത്. ഇതിനെതിരെ ഒരു കൂട്ടം സ്ത്രീകള്‍ ഹാഷ് ടാഗ് ക്യാമ്പെയ്‌നുമായി രംഗത്തെത്തിയിരിക്കുകയാണ്. രാത്രിയില്‍ പുറത്തുനിന്നുള്ള ചിത്രം ട്വീറ്റ് ചെയ്താണ് ഇവര്‍ പ്രതിഷേധിച്ചത്. ‘#AintNoCinderella’ ക്യാമ്പെയ്ന്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുകയാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് 29 കാരിയായ വര്‍ണിക കുണ്ടു, ബിജെപി നേതാവിന്റെ മകനും 23 കാരനുമായ വികാസ് ബരളയില്‍ നിന്നും അതിക്രമം നേരിട്ടത്. ഇയാള്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. തന്റെ അനുഭവം വിവരിച്ച് വര്‍ണിക ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വികാസ് ബരളയ്‌ക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് തടിയൂരാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിനിടെ രാംവീര്‍ ഭാട്ടിയ്ക്ക് മറുപടിയുമായി വര്‍ണിക രംഗത്തെത്തി. അത് അയാളെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് പറഞ്ഞ വര്‍ണിക, എന്ത് വേണമെന്ന് താനും കുടുംബവും നോക്കിക്കോളാമെന്നും പറഞ്ഞു. അക്രമത്തെ അതിജീവിച്ച താന്‍ എന്തിന് മുഖം മറക്കണമെന്നും വര്‍ണിക ചോദിച്ചിരുന്നു.

DONT MISS
Top