‘ഫോട്ടോഷോപ്പ് ചിത്രം’ പണിയായി; എവറസ്റ്റ് കീഴടക്കിയെന്ന് അവകാശപ്പെട്ട പൊലീസ് ദമ്പതികളുടെ പണിപോയി

ഫോട്ടോഷോപ്പ് ഉപയോഗിച്ച് കെട്ടിചമച്ച ചിത്രം

പൂനെ: ഫോട്ടോഷോപ്പ് ഉപയോഗിച്ച് എവറസ്റ്റിന് മുകളില്‍ നില്‍ക്കുന്ന ചിത്രം വ്യജമായി സൃഷ്ടിച്ച പൊലീസ് ദമ്പതികള്‍ക്ക് ജോലി നഷ്ടമായി. പൂനെയിലെ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ ദിനീഷ് റാത്തോഡിനും ഭാര്യ താരകേശ്വരി റാത്തോഡിനുമാണ് ഫോട്ടോഷോപ്പിന്റെ പണികിട്ടിയത്. ഇവരെ അന്വേഷണവിധേയമായി നവംബറില്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എവറസ്റ്റ് കീഴടക്കി നില്‍ക്കുന്ന ചിത്രം മോര്‍ഫ് ചെയ്യുകയും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചതും മഹാരാഷ്ട്രാ പൊലീസിന് അപഖ്യാതി ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരെ സസ്‌പെന്റ് ചെയ്തത്.

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യ ദമ്പതിമാര്‍ തങ്ങളാണെന്നായിരുന്നു ഇവരുടെ വാദം. ഇതിന്റെ തെളിവായി എവറസ്റ്റിന് മുകളില്‍ നില്‍ക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയും നേപ്പാള്‍ ടൂറിസം മന്ത്രാലയത്തില്‍ നിന്നും ഇവര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വ്യജമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രാദേശിക പര്‍വ്വതാരോഹകര്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് പൂനെ പൊലീസ് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇവരുടെ വാദം വ്യാജമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ ദമ്പതികള്‍ 10 വര്‍ഷത്തേക്ക് രാജ്യത്തിനകത്ത് പ്രവേശിക്കുന്നത് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കുകയും ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top