ദിലീപിന്റെ ആദ്യ കല്യാണത്തിന് സാക്ഷിയോ? നടന്‍ അബി വെളിപ്പെടുത്തുന്നു

നടന്‍ ദിലീപിന്റെ ആദ്യ വിവാഹം ഏതെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ദിലീപ് ബന്ധുവായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നെന്നും പിന്നീട് മഞ്ജുവിനെ വിവാഹം ചെയ്യാന്‍ ഈ ബന്ധം ഒഴിയുകയായിരുന്നെന്നും വാര്‍ത്തകള്‍ പുറത്തുവന്നു. മിമിക്രി കളിച്ചു നടന്ന സമയത്തായിരുന്നു ദിലീപിന്റെ ആദ്യ വിവാഹം. ആ വിവാഹത്തിന് മിമിക്രി താരവും നടനുമായ അബി സാക്ഷിയായിരുന്നെന്നും ഇക്കാര്യത്തെ കുറിച്ച് പൊലീസ് അദ്ദേഹത്തില്‍ നിന്ന് മൊഴിയെടുത്തെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നാല്‍ ഈ വാര്‍ത്ത തള്ളി അബി രംഗത്തെത്തിയിരിക്കുകയാണ്. ഇങ്ങനെയൊക്കെ സത്യസന്ധമല്ലാത്ത വാര്‍ത്തകള്‍ വന്നാല്‍ മാധ്യമങ്ങളെ ആരും വിശ്വസിക്കാതെ പോകും. അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് ചാനലുകള്‍ നല്‍കിയത്. ദിലീപ് കല്യാണം കഴിച്ചു എന്നുള്ളത് ഞാനും കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ ആ കല്യാണത്തിന് സാക്ഷി ആയിരുന്നില്ല. കല്യാണം എവിടെവെച്ചാണ് നടന്നത് എന്നതും അറിയില്ല. വാര്‍ത്തയില്‍ പറഞ്ഞപ്പോഴാണ് ദേശത്തെ രജിസ്റ്റര്‍ ഓഫീസിലാണ് കല്യാണം നടന്നതെന്ന് അറിയുന്നത്. അബി പറഞ്ഞു.

ദിലീപുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് ഒരുഘട്ടത്തിലും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അബി പറഞ്ഞു. ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞുകേട്ട അറിവ് മാത്രമേ ഉള്ളൂ. അത് പ്രേമിച്ച പെണ്ണിനെ ആണെന്നും അറിയാം. അന്നത്തെ കാലഘട്ടത്തിലുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണത്. അത് ഡിവോഴ്‌സായോ എന്നൊന്നും അറിയില്ല. ദിലീപ് എന്റെ ട്രൂപ്പില്‍ വന്ന സമയത്തെ അടുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അബി വ്യക്തമാക്കുന്നു.

വ്യാഴാഴ്ചയാണ് ദിലീപിന്റെ വിവാഹം സംബന്ധിച്ച പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പലരില്‍ നിന്നായി ശേഖരിച്ചതായാണ് പുറത്തുവന്ന വാര്‍ത്തകള്‍. അകന്ന ബന്ധുവായ യുവതിയെയാണ് വിവാഹം ചെയ്തിരുന്നത്. സിനിമയില്‍ പ്രശസ്തനാകുന്നതിന് മുന്‍പായിരുന്നു ഈ വിവാഹം. ആലുവ ദേശം രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സിനിമയില്‍ പ്രശസ്തനായ ശേഷം മഞ്ജുവാര്യരെ വിവാഹം കഴിക്കുകയായിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ദിലീപിന്റെ ആദ്യഭാര്യ ഇപ്പോള്‍ ഗള്‍ഫിലാണുള്ളത്. ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അതേസമയം, ദിലീപിന്റെ മുന്‍ വിവാഹത്തെക്കുറിച്ച് മഞ്ജുവാര്യര്‍ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.

മഞ്ജുവുമായുള്ള വിവാഹസമയത്ത് ആദ്യ ഭാര്യയെ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നും വിവാഹമോചനത്തിന് യുവതിയെ നിര്‍ബന്ധിക്കുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ കണ്ടെത്താന്‍ ആലുവ രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ദിലീപിന്റെ വ്യക്തി ജീവിതം സംബന്ധിച്ച് കുറ്റപത്രത്തില്‍ രേഖപ്പെടുത്തേണ്ടതിന്റെ ഭാഗമായിട്ടാണ് പൊലീസ് അന്വേഷണം ശക്തമാക്കുന്നത്.

ദിലീപിന്റെ ബന്ധുക്കളെ ഇന്നലെ പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ആദ്യവിവാഹത്തെക്കുറിച്ചായിരുന്നു ഇവരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചത്. ബന്ധുക്കള്‍ ഈ വിവാഹക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top