രാജ്യത്തെ നൂറിലധികം പാലങ്ങള്‍ ഏതുസമയത്തും തകരുന്ന അവസ്ഥയിലെന്ന് മന്ത്രി ഗഡ്കരി

സാവിത്രി നദിയിലെ തകര്‍ന്നപാലം (ഫയല്‍)

ദില്ലി: രാജ്യത്തെ നൂറിലധികം പാലങ്ങള്‍ ഏതുസമയത്തും തകരാമെന്ന നിലയിലാണെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി. രാജ്യത്താകമാനമുള്ള 1.6 ലക്ഷം പാലങ്ങളെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് തയാറാക്കിയതായും ഇതില്‍ നൂറിലധികം പാലങ്ങള്‍ വളരെ അപകടാവസ്ഥയിലാണെന്നും ലോക്‌സഭയിലാണ് മന്ത്രി അറിയിച്ചത്.

അപകടാവസ്ഥയിലായ ഈ പാലങ്ങളുടെ വിഷയത്തില്‍ അടിയന്തര ശ്രദ്ധപതിഞ്ഞില്ലെങ്കില്‍ വന്‍ദുരന്തങ്ങള്‍ക്ക് വഴിവെച്ചേക്കുമെന്നും അറ്റകുറ്റപണികള്‍ ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുകയാണെന്നും മന്ത്രി ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. കൊങ്കണ്‍ പാതയില്‍ മഹരാഷ്ട്ര -ഗോവ അതിര്‍ത്തിയില്‍ കഴിഞ്ഞവര്‍ഷം തകര്‍ന്ന സാവിത്രി നദിയിലെ ബ്രിട്ടീഷ്‌നിര്‍മിത പാലത്തെക്കുറിച്ച് മന്ത്രി സഭയില്‍ പരാമര്‍ശിച്ചു. ആര്‍ദ്ധരാത്രിയില്‍ പാലം തകര്‍ന്നതറിയാതെ എത്തിയ നിരവധി വാഹനങ്ങളാണ് പുഴയില്‍ പതിച്ചത്. അനേകം പേരാണ് ആ അപകടത്തില്‍ കൊല്ലപ്പെട്ടത്.

ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ പാലങ്ങളുടെയും കലുങ്കുകളുടെയും സ്ഥിതിവിവരക്കണക്കുകളും വിവരങ്ങളും തന്റെ മന്ത്രാലയം കഴിഞ്ഞവര്‍ഷം ശേഖരിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങിയതായും മന്ത്രി ഗഡ്കരി അറിയിച്ചു.

ചിലയിടത്ത് ദേശീയപാത നിര്‍മാണം ഇഴയുന്നതായി സമ്മതിച്ച മന്ത്രി ഭൂമി ഏറ്റെടുക്കുന്നതിന് വരുന്ന ബുദ്ധിമുട്ടുകളാണ് ഇതിന് കാരണമാകുന്നതെന്നും വ്യക്തമാക്കി. പലയിടത്തും ഭൂമികൈയേറ്റം വ്യാപകമാണ്. പാരിസ്ഥിതിക അനുമതി വിഷയങ്ങളും തടസമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോഡ് നിര്‍മാണത്തിനും വീതികൂട്ടലും പുനരുദ്ധാരണവുമടക്കമുള്ള പ്രവര്‍ത്തികള്‍ക്കും ബുദ്ധിമുട്ടുകള്‍ വരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ പലകാരണങ്ങള്‍കൊണ്ട് 3.85 ലക്ഷം കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ഇഴഞ്ഞുനീങ്ങിയിരുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിച്ചുകഴിഞ്ഞെന്നും പണികള്‍ വേഗത്തില്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

DONT MISS
Top