വനിതാ ക്യാപ്റ്റന്‍ മിഥാലിയുടെ കാര്യം മറന്നുപോയെന്ന് ബിസിസിഐ; ഖേല്‍ രത്‌നയ്ക്ക് പേര് നല്‍കിയില്ല

മിഥാലി രാജ് (ഫയല്‍ ചിത്രം)

മുംബൈ: ഇന്ത്യയുടെ ഉന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌നയ്ക്ക് പരിഗണിക്കുന്നതിന് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിഥാലി രാജിന്റെ പേര് സമര്‍പ്പിക്കാന്‍ മറന്നുപോയെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). ഇംഗ്ലണ്ടില്‍ കഴിഞ്ഞമാസം നടന്ന വനിതാ ലോകകപ്പ് ഫൈനല്‍ വരെ ഇന്ത്യന്‍ ടീമിനെ എത്തിച്ച ക്യാപ്റ്റന്‍ മിഥാലിയുടെ പേര് സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ വിട്ടുപോയതാണന്നാണ് ബിസിസിഐയുടെ വിശദീകരണം.

ഇന്ത്യന്‍ കായികമന്ത്രാലയമാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിക്കുന്നത്. ഇതിന് ഓരോ കായിക സമിതികളും പരിഗണിക്കേണ്ട അവരുടെ കായിക താരത്തിന്റെ പട്ടിക മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഇന്ത്യന്‍ വനിതാ ടീമില്‍ മികച്ച പ്രകടനം നടത്തുകയും ടീമിനെ ലോകകപ്പിന്റെ ഫൈനല്‍ വരെ എത്തിക്കുകയും ചെയ്ത മിഥാലിയുടെ പേര് യഥാസമയം നല്‍കാന്‍ ബിസിസിഐക്ക് കഴിഞ്ഞിരുന്നില്ല. പേര് സമര്‍പ്പിക്കുവാനുള്ള സമയ പരിധി അവസാനിച്ചതിനുശേഷമാണ് മിഥാലിയുടെ പേര് ബിസിസിഐ കായിക മന്ത്രാലയത്തിനു നല്‍കിയത്. ഇതിന്റെ വിശദീകരണമായാണ് പേര് നല്‍കുന്നത് വിട്ടുപോയെന്ന ബിസിസിഐയുടെ വിശദീകരണം.

സമയപരിധി കഴിഞ്ഞ് പ്രത്യേകമായി പരിഗണിക്കാന്‍ മിഥാലിയുടെ ബിസിസിഐ നല്‍കിയിട്ടുണ്ടെന്നും കായികമന്ത്രാലയം ഇത് പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും ബിസിസിഐ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം ചേതേശ്വര്‍ പൂജാര, വനിതാ ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ പേര് അര്‍ജുന അവാര്‍ഡിനായി ബിസിസിഐ കായിക മന്ത്രാലയത്തിനു നല്‍കിയിരുന്നു.

DONT MISS
Top