‘ക്വട്ടേഷനു പിന്നില്‍ “മാഡം” ഇല്ല’; ദിലീപിനെ രക്ഷിക്കാനുള്ള പള്‍സര്‍ സുനിയുടെ തന്ത്രമാണ് മാഡം പ്രയോഗമെന്ന് പൊലീസ്

പള്‍സര്‍ സുനി ( ഫയല്‍ ചിത്രം )

കൊച്ചി : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ മാഡം ഇല്ലെന്ന് പൊലീസ്. ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി പള്‍സര്‍ സുനി സ്വീകരിച്ച തന്ത്രമാണ് മാഡം എന്ന പ്രയോഗമെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

ആദ്യഘട്ടത്തില്‍ കേസിന്റെ ഗതി തിരിച്ചുവിടാന്‍ സുനി ശ്രമിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അന്വേഷണം ദിലീപിലെത്താതിരിക്കാന്‍ സുനി ശ്രമിച്ചു. ഇതിന്റെ ഭാഗമായാണ് മാഡം എന്ന ഒരാളെ സുനി അവതരിപ്പിച്ചതെന്നും അന്വേഷണ സംഘം നിഗമനത്തിലെത്തി.

ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്ന് പൊലീസ് സൂചിപ്പിച്ചു. സംഭവത്തിന് പിന്നില്‍ മാഡം എന്ന ഒരാള്‍ ഇല്ല. ദിലീപിനെ രക്ഷിക്കാനായി ദിലീപ് പടുത്തുയര്‍ത്തിയ പ്രയോഗമാണ് മാഡം എന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

നടിയെ ആക്രമിച്ച വേളയില്‍ ക്വട്ടേഷന് പിന്നില്‍ മാഡമാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞിരുന്നു. നടി നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. പള്‍സര്‍ സുനി പൊലീസിന് നല്‍കിയ മൊഴിയിലും മാഡത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ദിലീപിനെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം കാവ്യയെയും കാവ്യയുടെ അമ്മയെയും പൊലീസ് പൂര്‍ണമായും സംശയമുക്തരാക്കിയിട്ടില്ല. ഇരുവരെയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. കേസില്‍ തെളിവു നശിപ്പിക്കാന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും സംവിധായകന്‍ നാദിര്‍ഷയും ഇടപെട്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയ മൊഴികളിലെ വൈരുദ്ധ്യമാണ് നാദിര്‍ഷയുടെ അറസ്റ്റിലേക്ക് നയിക്കുന്നത്. പള്‍സര്‍ സുനി ജയിലില്‍ നിന്നും നാദിര്‍ഷയെ വിളിച്ചതിനുള്ള രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദിലീപും നാദിര്‍ഷയും അടക്കമുള്ളവര്‍ വിളിച്ചതിന്റെ ഫോണ്‍ സംഭാഷണത്തിന്റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

DONT MISS
Top