“സോഷ്യല്‍ മീഡിയയിലെ ഖാപ് പഞ്ചായത്ത് പിരിച്ചുവിടണം, സ്ഥിതി ഗുരുതരം”, താലികെട്ടിക്കഴിഞ്ഞ് കാമുകനൊപ്പം പോയ സംഭവത്തിലെ വസ്തുതകള്‍ നിരത്തി മാധ്യമപ്രവര്‍ത്തക ഷാഹിന

കൊച്ചി: താലി കെട്ടിയതിനുശേഷം ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്റെയൊപ്പം പോയി എന്നുപറയപ്പെടുന്ന യുവതിയുടെ സാഹചര്യവും സംഭവത്തിലെ സത്യാവസ്ഥയും വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക ഷഹിന നഫീസ. സോഷ്യല്‍ മീഡിയയിലെ ഖാപ് പഞ്ചായത്ത് പിരിച്ചുവിടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ അഭിപ്രായങ്ങളും സംഭവത്തിലെ വസ്തുതകളും സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിനൊപ്പം കൂടുതല്‍ വിശദമായി കാര്യങ്ങള്‍ കുറിക്കുന്നുണ്ട് എന്നും ഷാഹിന കൂട്ടിച്ചേര്‍ത്തു. അവരുടെ ഫെയിസ്ബുക്ക് കുറിപ്പ് പൂര്‍ണമായി താഴെ വായിക്കാം.

സോഷ്യൽ മീഡിയയിലെ ഈ ഖാപ് പഞ്ചായത്ത് ദയവു ചെയ്ത് പിരിച്ചു വിടണം എന്ന് ഒരു അഭ്യർത്ഥനയുണ്ട്. സങ്കീർണമാണ് കാര്യങ്ങൾ. ആ പെൺകുട്ടിയുടെ അച്ഛന്‍റെ അടുത്ത സുഹൃത്തിനോട് ഞാൻ സംസാരിച്ചു. വരനോടും അവന്‍റെ ചേച്ചിയോടും സംസാരിച്ചു.

1.ആ പെൺകുട്ടി കാമുകന്‍റെ കൂടെ പോയി സുഖിക്കുകയല്ല. അവൾ വീട്ടിൽ തന്നെയുണ്ട്.

2.അവൾക്കു പ്രണയമുണ്ടായിരുന്നു. വരനോട് അത് പറയുകയും ചെയ്തിരുന്നു.

3.വരനെ തേച്ചിട്ടു പോയ വധു, അവൾക്ക് പ്രണയമുണ്ടെന്നു പറഞ്ഞിട്ടും അത് അവഗണിച്ചു സ്ത്രീധനം മോഹിച്ചു താലി കെട്ടിയ വരൻ എന്നീ രണ്ടു ബൈനറികളിലല്ല കാര്യങ്ങൾ കിടക്കുന്നത് .

4.പത്തൊമ്പത് വയസ്സേ ഉള്ളൂ ആ പെൺകുട്ടിക്ക്. കാമുകനും അത്രയൊക്കെയേ പ്രായമുള്ളൂ .വരൻ എന്ന് പറയുന്ന ആ ആൺകുട്ടിക്ക് ഇരുപത്താറു വയസ്സേ ഉള്ളൂ .

5.ആ പെൺകുട്ടിയും അവളുടെ അച്ഛനുമമ്മയും ഇത് വരെ വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ല .അറിഞ്ഞത് ശരിയാണെങ്കിൽ ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിൽക്കേണ്ട ബന്ധുക്കൾ പോലും തിരിഞ്ഞു നോക്കുന്നില്ല. നാട്ടില്‍ അവര്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ്.

6.ഈ കാമുകൻ ഇപ്പോൾ എവിടെയാണ് എന്നറിയില്ല. ഭയന്ന് കാണും. ഇത്രയും ദയാരഹിതമായ ഒരു ലോകത്തെ ഭയന്ന് ഇവരിൽ ആരെങ്കിലുമൊക്കെ ആത്മഹത്യ ചെയ്‌താൽ എല്ലാവർക്കും സന്തോഷമാകുമോ ? ക്ഷമയും സഹാനുഭൂതിയും കാണിക്കാൻ കഴിയില്ല എന്നറിയാം. ആത്മഹത്യയിലേക്കു തള്ളി വിടാതിരിക്കുകയെങ്കിലും ചെയ്യണം.

വിശദമായി എഴുതാം. ഇതൊരു ആമുഖമായി എടുത്താൽ മതി. ദയവു ചെയ്തു ക്രൂരമായ ഈ വേട്ടയാടൽ നിർത്തണം. ഞാൻ നേരത്തെ ഇട്ട പോസ്റ്റുകളിലെ ചർച്ചകളും ദയവു ചെയ്ത് അവസാനിപ്പിക്കണം. അവരുടെ നാട്ടിലെ പരിചയമുള്ള രാഷ്ട്രീയനേതാക്കളോട് ഇടപെടണം എന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. അത്രയും ഗുരുതരമാണ് സ്ഥിതി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top