അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 29 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹെറാത്തില്‍ ചൊവ്വാഴ്ച സന്ധ്യാ പ്രാര്‍ത്ഥനയിക്കിടെയായിരുന്നു ആക്രമണം. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ്.

വിശ്വാസികള്‍ പ്രാര്‍ത്ഥന നടത്തുന്നതിനിടെ, ഒരാള്‍ തോക്കുമായി അകത്തു കടന്ന് വെടിയുതിര്‍ക്കുകയും, മറ്റൊരാള്‍ ഗ്രനേഡ് എറിഞ്ഞശേഷം, സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു എന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ അക്രമികള്‍ രണ്ടുപേരും കൊല്ലപ്പെട്ടതായി പൊലീസ് വക്താവ് അബ്ദുള്‍ അഹദ് വാലിസാദ അറിയിച്ചു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ആക്രമണത്തില്‍ പങ്കില്ലെന്ന് താലിബാന്‍ വക്താവ് ഖാരി മുഹമ്മദ് യൂസഫ് പറഞ്ഞു. ഷിയാ വിഭാഗക്കാര്‍ ഏറെയുള്ള മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ഈ വര്‍ഷം ഇതുവരെ 1700 ഓളം പേരാണ് അഫ്ഗാനില്‍ വിവിധ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.

DONT MISS
Top