പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട ടോള്‍ പ്ലാസ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് തെലങ്കാന രാഷ്ട്ര സമിതി നേതാവിന്റെ മകന്‍; വീഡിയോ

ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ചുന്ന മനീഷ് ഗൗഡ്‌

ഹൈദരാബാദ്: പണം അടയ്ക്കാന്‍ ആവശ്യപ്പെട്ട ടോള്‍ പ്ലാസ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് തെലങ്കാന രാഷ്ട്ര സമിതി നേതാവിന്റെ മകനും സുഹൃത്തുക്കളും. രംഗ റെഡ്ഡി ജില്ലയിലെ കടത്തലിലുള്ള ടോള്‍ പ്ലാസയിലാണ് സംഭവം. ടോള്‍ പ്ലാസ മാനേജറെയാണ് തെലങ്കാന രാഷ്ട്ര സമിതി നേതാവ് ലക്ഷ്മി പ്രസന്നയുടെ മകന്‍ മനീഷ് ഗൗഡ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശ്രീശൈലം ഹൈവേയിലെ ടോള്‍ പ്ലാസയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാറിലെത്തിയ മനീഷ് ഗൗഡ് പണം അടയ്ക്കാന്‍ തയ്യാറായില്ല. പണം അടച്ചാല്‍ മാത്രമേ കടത്തിവിടുകയുള്ളൂ എന്ന് ടോള്‍ പ്ലാസ ജീവനക്കാരന്‍ കര്‍ശനമായി പറഞ്ഞു. കൈവശമുണ്ടായിരുന്ന കത്തിയുമായി വാഹനത്തിന് പുറത്തിറങ്ങിയ മനീഷ് ഗൗഡ് സുഹൃത്തുക്കളുമായി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. ടോള്‍ പ്ലാസയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും സംഘം ആക്രമിച്ചു. പരുക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേഷശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐപിസി 307 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മനീഷും സുഹൃത്തുക്കളും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മനീഷിന്റെ മാതാവ് ലക്ഷ്മി പ്രസന്ന ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കോര്‍പ്പറേറ്ററാണ്. അച്ഛന്‍ രാം മോഹന്‍ ഗൗഡ് തെലങ്കാന രാഷ്ട്ര സമിതിയുടെ എല്‍ബി നഗര്‍ നേതാവാണ്.

DONT MISS
Top