പാനമ ഗേറ്റ് അഴിമതി : പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാകിസ്താന്‍ സുപ്രിംകോടതി അയോഗ്യനാക്കി

ഇസ്‌ലാമാബാദ്: പാനമ ഗേറ്റ് അഴിമതി കേസില്‍പാക് പ്രധാനമന്ത്രി നവാസ് ഷെറീഫിനെ അയോഗ്യനാക്കി. പാക് സുപ്രീംകോടതിയാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ഖാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സുപ്രിംകോടതി അയോഗ്യനാക്കിയതോടെ, നവാസ് ഷെരീഫ്  പ്രധാനമന്ത്രി സ്ഥാനം ഉടന്‍ രാജിവയ്‌ക്കേണ്ടി വരും. ഷെരീഫിനെതിരേ ക്രിമിനല്‍ കേസെടുക്കണമെന്നും അദ്ദേഹം ഉടന്‍ സ്ഥാനം രാജിവയ്ക്കണമെന്നും പാക്ക് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു.

പാനമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സക എന്ന നിയമസ്ഥാപനം വഴി ഷെരീഫിന്റെ മൂന്ന് മക്കള്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്നാണ് ആരോപണം. ഈ സംഭവത്തില്‍ ഷെരീഫിന്റെ മൂന്ന് മക്കള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

നവാസ് ഷെരീഫിന്റെ മക്കളായ മറിയം, ഹസന്‍, ഹുസൈന്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണം. ലോകത്തെമ്പാടുമുള്ള നിരവധി പ്രമുഖരുടെ ബിനാമി ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പാനമ രേഖകളിലുണ്ടായിരുന്ന പ്രധാനപേരുകളായിരുന്നു പാക് പ്രധാനമന്ത്രിയുടെ മക്കളുടേത്. എന്നാല്‍ തങ്ങളുടെ ഇടപാടുകള്‍ നിയമാനുസൃതമാണെന്നാണ് ഷെരീഫിന്റെയും കുടുംബത്തിന്റെയും വാദം.

ദേശവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന ഇമ്രാന്‍ ഖാന്റെ ഭീഷണിയെത്തുടര്‍ന്നായിരുന്നു സുപ്രിം കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.മൊസാക് ഫൊന്‍സക വഴി ഇടപാടുകള്‍ നടത്തിയവരില്‍ ബഹുഭൂരിപക്ഷവും കള്ളപ്പണം വെളിപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയിരുന്നു.

DONT MISS
Top