ജറുസലേമിലെ അല്‍ അഖ്‌സ പള്ളിയില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു

ജറുസലേം: ജറുസലേമിലെ പ്രശസ്തമായ അല്‍ അഖ്‌സ പള്ളിയില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടറുകള്‍ ഇസ്രായേല്‍ നീക്കം ചെയ്തു. പാലസ്തീനികളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിറ്റക്ടറുകള്‍ നീക്കം ചെയ്യാന്‍ ഇസ്രായേല്‍ തീരുമാനിച്ചത്. പ്രദേശത്ത് നിയോഗിച്ചിരുന്ന സെക്യൂരിറ്റി വിഭാഗത്തെ ഇസ്രേയേല്‍ തിരിച്ചുവിളിച്ചു.

പാലസ്തീനികള്‍ പുണ്യഭൂമിയായി കരുതുന്ന അല്‍ അഖ്‌സ പള്ളിയില്‍ ഇസ്രായേല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയരുന്നു. മുസ്‌ലീങ്ങളുടെ ആരാധനാലയത്തിന്റെ കാര്യത്തില്‍ ഇസ്രായേല്‍ അനാവശ്യമായി കൈകടത്തുകയാണെന്നായിരുന്നു പാലസ്തീനികളുടെ ആരോപണം. മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചതിനെതിരെ പാലസ്തീനികള്‍ ശക്തമായ പ്രതിഷേധമാണ് അഴിച്ചുവിട്ടത്.

ജൂലൈ പതിനാലിനുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഇസ്രായേലി പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇസ്രായേല്‍ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാലസ്തീന്‍ പൗരന്മാരും കൊല്ലപ്പെട്ടിരുന്നു.

അല്‍ അഖ്‌സ പള്ളിയില്‍ മുസ്‌ലീങ്ങള്‍ക്കു മാത്രമായി പരിശോധനയും വിലക്കും ഏര്‍പ്പെടുത്തിയ നടപടിയില്‍ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇസ്രായേലിന്റെ നടപടിക്കെതിരെ വിവിധ അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ശക്തമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിലപാട് മയപ്പെടുത്തി ഇസ്രായേല്‍ രംഗത്തെത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top