ഹ്യൂമേട്ടന്‍ വീണ്ടും മഞ്ഞപ്പടയ്ക്കൊപ്പം; ഇയാന്‍ ഹ്യൂമുമായി ബ്ലാസ്റ്റേഴ്സ് കരാര്‍ ഒപ്പിട്ടു

ഇയാന്‍ ഹ്യൂം

മുംബൈ . ആരാധകരുടെ മനമറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ് ഇഷ്ടതാരം ഇയാന്‍ ഹ്യൂമിനെ സ്വന്തം പാളയത്തിലെത്തിച്ചു. ഐഎസ്എല്ലിന്റെ നാലാം സീസണില്‍ മഞ്ഞക്കുപ്പായത്തില്‍ ഗോള്‍ വേട്ടക്കായി മലയാളികളുടെ സ്വന്തം ഹ്യൂമേട്ടന്‍ ഇറങ്ങും. ആഭ്യന്തര താരങ്ങളെ ഡ്രാഫ്റ്റിലൂടെ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ആദ്യ വിദേശതാരമായി ഹ്യൂമിനെ സ്വന്തമാക്കിയത്.


ഒന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമുണ്ടായിരുന്ന ഹ്യൂം പ്രതിഫലത്തിന്റെ കാര്യത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാം സീസണ്‍ മുതല്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഭാഗമാകുകയായിരുന്നു. കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുമ്പോഴും, കേരള ടീമിനോടുള്ള ഇഷ്ടം ഹ്യൂം പലപ്പോഴും തുറന്നു പറഞ്ഞിരുന്നു.

ഇയാന്‍ ഹ്യൂമും, ബ്ലാസ്റ്റേഴ്‌സ് വിട്ട പരിശീലകന്‍ സ്റ്റീവ് കോപ്പലും ബെല്‍ജിത്ത് റിഹാല്‍ എന്ന ഏജന്റിന് കീഴിലാണുള്ളത്. ഇതിനാല്‍ ജാംഷഡ്പൂര്‍ ടാറ്റ ടീമിലേക്ക് മാറിയ കോപ്പല്‍ ഹ്യൂമിനെയും സ്വന്തം കൂടാരത്തിലെത്തിക്കാന്‍  പദ്ധതിയിട്ടിരുന്നു.

എന്നാല്‍ ഇതിനു മുന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഹ്യൂമിനെ ബന്ധപ്പെടുകയായിരുന്നു. മികച്ച ഓഫറാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഹ്യൂമിന് മുന്നില്‍ വെച്ചതെന്നാണ് സൂചന.

ഐഎസ്എല്ലില്‍ നിലവില്‍ ഇയാന്‍ ഹ്യൂമാണ് ഇതുവരെയുള്ള ടോപ് സ്‌കോറര്‍. 23 തവണയാണ് ഹ്യൂം എതില്‍ വല ചലിപ്പിച്ചത്. ഇതില്‍ അഞ്ചെണ്ണം ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top