മകനെതിരായ നടിയുടെ ആരോപണം: പ്രതികരണവുമായി ലാല്‍ രംഗത്ത്

ജീന്‍ പോള്‍ ലാല്‍, ശ്രീനാഥ് ഭാസി

കൊച്ചി: മകന്‍ ജീന്‍ പോള്‍ ലാലിനെതിരായ യുവനടിയുടെ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി ലാല്‍ രംഗത്ത്. നടിയുടേത് അനാവശ്യപരാതിയാണെന്ന് ലാല്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ലാല്‍ വ്യക്തമാക്കി.

സിനിമയില്‍ ഒരു സീനില്‍ അഭിനയിക്കാനാണ് നടി വന്നത്. 50,000 രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞതാണ്. എന്നാല്‍ പ്രകടനം മോശമായതിനാല്‍ മറ്റൊരു കുട്ടിയെവെച്ചാണ് സീന്‍ ഷൂട്ട് ചെയ്തത്. ഇതിനാലാണ് പ്രതിഫലം നല്‍കാഞ്ഞത്. തുടര്‍ന്ന് പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞ് ഇവര്‍ വക്കീല്‍ നോട്ടീസ് അയച്ചു. അതിന് മറുപടിയും നല്‍കിയിരുന്നു. 50,000 രൂപ നല്‍കാമെന്ന് പിന്നീട് അറിയിച്ചു. എന്നാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ജീന്‍ പോളും അനൂപും ടിവിയില്‍ വന്ന് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. ഇതുവകവെക്കാഞ്ഞതോടെയാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

താനും മകനും ആരോടും ഒരുവാക്കുപോലും അശ്ലീലം പറയാത്ത വ്യക്തിയാണെന്ന് സിനിമയില്‍ എല്ലാവര്‍ക്കും അറിയാം. സിനിമ പൂര്‍ത്തിയായി ഇത്രയും സമയം കഴിഞ്ഞിട്ട് പരാതിയുമായി വന്നതിന്റെ കാരണം എന്താണെന്ന് നടിയോട് ചോദിക്കണം. നനഞ്ഞ സ്ഥലത്ത് കുഴിക്കുക എന്ന ധാരണയാകാം ഇപ്പോള്‍ ഇത്തരം ആരോപണം ഉന്നയിക്കുന്നതിന് പിന്നിലെന്ന് ലാല്‍ പറഞ്ഞു.

കൊച്ചിയിലുള്ള ഒരു യുവനടിയാണ് ജീന്‍ പോള്‍ ലാലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പനങ്ങാട് പൊലീസ് കേസെടുത്തിട്ടുണ്ട്. സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്. 2016 ല്‍ ഹണി ബി ടു എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലായിരുന്നു സംഭവം. ശ്രീനാഥ് ഭാസി, അനിരുദ്ധ് തുടങ്ങിയവരാണ് മറ്റ് രണ്ടുപേര്‍. കേസില്‍ നടിയുടെ മൊഴി നാളെ രേഖപ്പെടുത്തും.

അതേസമയം, ചിത്രത്തില്‍ അഭിനയിക്കാന്‍ നടി പത്തുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാന്‍ തയ്യാറാകാഞ്ഞതിന്റെ പേരിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

DONT MISS
Top