എം വിന്‍സെന്റ് എംഎല്‍എയുടെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും

എം.വിന്‍സെന്റ്

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. വിന്‍സെന്റ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ഇവ രണ്ടും പരിഗണിക്കുന്നത്.

അപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ എം വിന്‍സെന്റ് എംഎല്‍എയെ കോടതിയില്‍ ഹാജരാക്കണമെന്ന് മജിസ്‌ട്രേറ്റ് ആനി വര്‍ഗ്ഗീസ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ ചോദ്യം ചെയ്യലിനായി വിന്‍സെന്റിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചത്. എംഎല്‍എയുടെ ഫോണിലേക്ക് കഴിഞ്ഞ പത്ത് മാസത്തിനുള്ളില്‍ നടന്ന ഫോണ്‍വിളിയുടെ വിശദാംശങ്ങള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, വിന്‍സെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. പരാതിക്കാരിയായ വീട്ടമ്മയെ എംഎല്‍എ രണ്ടുതവണ പീഡിപ്പിച്ചതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 സെപ്തംബര്‍ 10 ന് രാത്രി എട്ടിനും നവംബര്‍ 11 ന് രാവിലെ 11 നും വീട്ടില്‍വെച്ച് പീഡിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പല ഫോണ്‍നമ്പറുകളില്‍ നിന്ന് വിളിച്ച് പരാതിക്കാരിയെ ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അയല്‍ക്കാരിയായ വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഈ മാസം 22 നാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. നെയ്യാറ്റിന്‍കര ഡിെൈവസ്പി ഹരികുമാര്‍, പാറശ്ശാല എസ്‌ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചോദ്യം ചെയ്തത്. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനാണ് അന്വേഷണച്ചുമതല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top