തെലങ്കാന സര്‍ക്കാറിനുവേണ്ടി കാര്‍ വാങ്ങിയതില്‍ വെങ്കയ്യ നായിഡുവിന്റെ മകനെതിരെ അഴിമതി ആരോപണം; ആരോപണം നിഷേധിച്ച് നായിഡു

വെങ്കയ്യ നായ്ഡു

ദില്ലി: തെലങ്കാന സര്‍ക്കാറിനുവേണ്ടി കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കരാറില്‍ എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡുവിന്റെ മകനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. തെലങ്കാന സര്‍ക്കാറിനുവേണ്ടി കാര്‍ വാങ്ങിയ കരാറിലാണ് നായിഡുവിന്റെ മകനെതിരെ ആരോപണം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകനെതിരെയും ആരോപണങ്ങളുണ്ട്.

2014ല്‍ ആണ് തെലങ്കാന പൊലീസിനായി കാര്‍ വാങ്ങാന്‍ 270 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം നായിഡുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഹര്‍ഷാ ടെയോട്ടയില്‍ നിന്നും, ബാക്കിയുള്ള കാറുകള്‍ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള ഷോറൂമില്‍ നിന്നുമാണ് വാങ്ങിയത്.

ഒരുതരത്തിലുള്ള ടെണ്ടര്‍ നടപടികളുമില്ലാതെ അധികാരത്തിന്റെ തണലിലാണ് ഇവര്‍ക്ക് കരാര്‍ ലഭിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ സര്‍ക്കാര്‍ ടൊയോട്ടയുമായി നേരിട്ടുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് തന്റെ മകന്റെ ഷോറൂമുകളില്‍ നിന്നും കാറുകള്‍ വിതരണം ചെയ്തതെന്ന് വെങ്കയ്യ നായിഡു  പ്രതികരിച്ചു.

കൂടാതെ വെങ്കയ്യ  നാഡിയുവിന്റെ മകള്‍ക്ക് ഹൈദരാബാദ് മുന്‍സിപ്പാലിറ്റി  2.2 കോടി രൂപയുടെ നികുതി ഇളവ് നല്‍കിയതായും ആരോപണങ്ങളുണ്ട്.  ആഗസ്റ്റ് അഞ്ചിന് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വെങ്കയ്യ നായിഡുവിന്റെ കുടുംബത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് കടുത്ത അഴിമതി ആരോപണങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

DONT MISS
Top