വനിതാ ലോകകപ്പിലെ തോല്‍വി: ഇന്ത്യന്‍ ക്യാപ്റ്റനെതിരേ കോഴ ആരോപണവുമായി കെആര്‍കെ

മിഥാലിരാജ്, കെആര്‍കെ

ദില്ലി: വനിതാ ലോകപ്പിലെ ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യന്‍ വനിതാ ടീം തോറ്റതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിനെതിരേ കോഴയാരോപണം. നിരവധി സെലിബ്രിറ്റികള്‍ക്കെതിരേ സോഷ്യല്‍ മീഡിയ വഴി ആരോപണമുന്നയിക്കുന്ന ബോളിവുഡ് താരവും വിമര്‍ശകനുമായ കമാല്‍ റാഷിദ് ഖാന്‍ എന്ന കെആര്‍കെ ആണ് ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ കോഴ വാങ്ങി കളി തോറ്റുകൊടുത്തുവെന്ന ആരോപണവുമായി എത്തിയിരിക്കുന്നത്.

ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി ഔട്ടായ രീതി കാണുമ്പോള്‍ തീര്‍ച്ചയായും കോഴ സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് കെആര്‍കെയുടെ ആരോപണം. ടൂര്‍ണമെന്റിലുടനീളം മികച്ച ഫോമിലായിരുന്ന മിഥാലി ഫൈനലില്‍ 31 പന്തില്‍ നിന്ന് 17 റണ്‍സ് മാത്രം നേടി പുറത്താകുകയായിരുന്നു. മിഥാലി നിര്‍ബന്ധപൂര്‍വം വിക്കറ്റ് നഷ്ടപ്പെടുത്തിയെന്ന് ആര്‍ക്കും തോന്നുമെന്നാണ് ഖാന്‍ തന്റെ ട്വിറ്ററിലൂടെ ആരോപിച്ചത്. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനോട് ഒന്‍പത് റണ്‍സിനാണ് പരാജയപ്പെട്ടത്. ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് തൊട്ടുപിന്നാലെയാണ് കെആര്‍കെ ആരോപണവുമായി എത്തിയത്.

ഇംഗ്ലീഷ് വനിതകള്‍ ഉര്‍ത്തിയ 229 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ഇന്ത്യന്‍ ടീം മുന്നേറുന്നതിനിടെയാണ് തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചത്. ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന തികച്ചും സുരക്ഷിതമായ നിലയില്‍ നിന്നായിരുന്നു ഇന്ത്യ തകര്‍ന്നടിഞ്ഞത്.

മുന്‍പ് മുതല്‍ വിവാദ പോസ്റ്റുകളുടെ പേരില്‍ ഏറെ വിമര്‍ശനം നേരിടുന്നയാളാണ് കെആര്‍കെ. ഭീമനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന വാര്‍ത്തയെത്തിയപ്പോള്‍ ആരാണ് മോഹന്‍ലാലെന്നും ഭീമനല്ല, ഛോട്ടാ ഭീമനാകാനെ ആദ്ദേഹത്തിന് പറ്റൂവെന്നുമുള്ള കെആര്‍കെയുടെ പോസ്റ്റ് വന്‍ പ്രതിഷേധമാണ് സൃഷ്ടിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല, മലയാളികള്‍ അപ്പാടെ കെആര്‍കെയുടെ പേജില്‍ കയറി പൊങ്കാലയിട്ടിരുന്നു. മലയാളികളുടെ കൂട്ട ആക്രമണത്തിനൊടുവില്‍ തന്റെ ട്വീറ്റില്‍ മാപ്പ് പറഞ്ഞും ഖേദപ്രകടനം നടത്തിയുമാണ് കെആര്‍കെ വിവാദത്തില്‍ നിന്ന് തലയൂരിയത്.

അനില്‍ കുംബ്ലെയ്ക്ക് പകരം പുതിയ ഇന്ത്യന്‍ കോച്ചിനായി ബിസിസിഐ അന്വേഷണം നടക്കുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെയും മുന്‍ കളിക്കാരനും കോച്ചുമായിരുന്ന രവി ശാസ്ത്രിയെയും അഴിമതിക്കാര്‍ എന്ന് വിശേഷിപ്പിച്ചുള്ള കെആര്‍കെയുടെ പോസ്റ്റും വിവാദമായിരുന്നു. അഴിമതിക്കാരനായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട്‌കോഹ്‌ലി, രവി ശാസ്ത്രിയെ പോലുള്ള ഒരു അഴിമതിക്കാരനെ പരിശീലകനാക്കാനാകും ഇഷ്ടപ്പെടുക എന്നായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്.

DONT MISS
Top