യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം എച്ച്എസ് പ്രണോയിക്ക്

ന്യുയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ മലയാളി താരം എച്ച്എസ് പ്രണോയ് സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങള്‍ ഏറ്റുമുട്ടിയ കലാശപ്പോരില്‍ പി കശ്യപിനെ തോല്‍പ്പിച്ചാണ് പ്രണോയ് കിരീടം ചൂടിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ 21-15, 20-22, 21-12 എന്ന സ്‌കോറിനായിരുന്നു പ്രണോയിയുടെ വിജയം.

പ്രണോയിയുടെ മൂന്നാം ഗ്രാന്റ്പ്രീ കിരീടമാണിത്. നേരത്തെ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ്, സ്വസ് ഓപ്പണ്‍ കിരീടങ്ങള്‍ പ്രണോയ് സ്വന്തമാക്കിയിരുന്നു.

ആദ്യ ഗെയിമില്‍ 6-1 ന് മുന്നിട്ട് നിന്ന കശ്യപ് പക്ഷെ പിന്നീട് പിന്നാക്കം പോവുകയായിരുന്നു. തിരിച്ചടിച്ച പ്രണോയ് സ്‌കോര്‍ 12-12 ല്‍ തുല്യനിലയിലാക്കി. പിന്നീട് മുന്നേറിയ മലയാളി താരം വെറും മൂന്ന് പോയിന്റ് മാത്രം വിട്ടുനല്‍കി ഗെയിം 21-15 ന് സ്വന്തമാക്കി.

ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം ഗെയം സ്വന്തമാക്കി കശ്യപ് മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. 18-20 ന് പിന്നിട്ട് നില്‍ക്കവെ രണ്ട് ഗെയിം പോയിന്റുകള്‍ സേവ് ചെയ്ത് 20-20 ന് എത്തിയെങ്കിലും 22-20 ന് കശ്യപ് ഗെയിം നേടി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ പ്രണോയിയുടെ ഏകപക്ഷീയമായ മുന്നേറ്റമാണ് കണ്ടത്. 7-3 നും 15-8 നും ലീഡെടുത്ത പ്രണോയ് 21-12 ന് ഗെയിമും കിരീടവും സ്വന്തമാക്കി.

കഴിഞ്ഞ 21 മാസത്തിനിടെ കശ്യപിന്റെ ആദ്യ ഫൈനലായിരുന്നു ഇത്. സെമിയില്‍ കശ്യപ് കൊറിയയുടെ വാങ് ഹീ ഹോയെയും (15-21, 21-15, 21-16) പ്രണോയ് വിയറ്റ്‌നാമിന്റെ ടിന്‍ മിന്‍ ഗുയെനെയും (21-14, 21-19) തോല്‍പ്പിച്ചായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്.

DONT MISS
Top