ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍, അത്തരം പരാതികളില്‍ ശക്തമായ നടപടിയെടുക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

പിണറായി വിജയന്‍

ഭീഷണിപ്പെടുത്തി വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് മുഖ്യമന്ത്രി പിററായി വിജയന്‍. അത്തരം പരാതികളില്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയുള്ള അതിക്രമങ്ങലും ഭീഷണിയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കില്ലെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം തൃശൂര്‍ കേരളവര്‍മ കൊളേജിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. എസ്എഫ്‌ഐ എംഎഫ് ഹുസ്സൈന്റെ ഒരു ചിത്രം ഫഌക്‌സ് ബോര്‍ഡായി സ്ഥാപിക്കുകയും അതില്‍ ചിലര്‍ അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധ്യാപികയായ ദീപാ നിശാന്ത് ഇതില്‍ എസ്എഫ്‌ഐയുടെ ചെയ്തി വിശദീകരിച്ചും എതിര്‍ക്കുന്നവരുടെ ആശയങ്ങളെ പൊളിച്ചടുക്കിയും സോക്ഷ്യല്‍ മീഡിയയില്‍ ചിലത് കുറിക്കുകയും ചെയ്തു.

എന്നാല്‍ എസ്എഫ്‌ഐ അനുകൂല പോസ്റ്റ് വന്നയുടന്‍ ചില മത മൗലികവാദികള്‍ ഉറഞ്ഞുതുള്ളുകയും ദീപയ്ക്കുനേരെ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു. സൈബര്‍ തീവ്ര മതവാദികള്‍ ദീപാ നിശാന്തിനെതിരെ ആസിഡ് ആക്രമണം നടത്തണമെന്നുവരെ പറഞ്ഞുകളഞ്ഞു. ചില ഫെയിസ് ബുക്ക് ഗ്രൂപ്പുകളിലൂടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം, സ്ഥിരം ഫോട്ടോഷോപ്പ് പ്രചരണങ്ങള്‍ പുറമെയും.

ഇത്തരം കാര്യങ്ങള്‍ എല്ലാം കാണിച്ച് ദീപാ നിശാന്ത് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. പരാതി ഗൗരവപൂര്‍വം കാണുമെന്നുള്ള വ്യക്തമായ സന്ദേശമാണ് മുഖ്യമന്ത്രി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍ താഴെ വായിക്കാം.

“ഭീഷണിപ്പെടുത്തി ആരുടെയെങ്കിലും വായടപ്പിക്കാൻ നോക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് ജീവിക്കുന്നത്. സ്വതന്ത്രമായി അഭിപ്രായം പറയുന്ന സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെയുള്ള അതിക്രമങ്ങലും ഭീഷണിയും സർക്കാർ കണ്ടില്ലെന്ന് നടിക്കില്ല. 

സാംസ്ക്കാരിക പ്രവർത്തകർ, എഴുത്തുകാർ, എന്നിവരുടെ നിലപാടുകളിൽ പലപ്പോഴും വ്യത്യസ്ത വീക്ഷണമുള്ളപ്പോൾപ്പോലും അവരോട് ആദരവും സഹിഷ്ണതയും പുലർത്തിയ പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. പൊതുസമൂഹത്തിൽ പുരോഗമന നിലപാട് സ്വീകരിക്കുന്നവരെയും വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ സ്വതന്ത്ര നിലപാട് എടുക്കുന്നവരെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും അവർക്ക് നേരെ വധഭീഷണി ഉയർത്തുന്നതും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നതും അംഗീകരിക്കില്ല. അത്തരം പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കും”.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top