ദൃശ്യമാധ്യമങ്ങള്‍ കുറ്റാരോപിതനെ പിന്തുടരുന്നത് ആശങ്കയുണ്ടാക്കുന്നു, ജീവിതം പണയപ്പെടുത്തി പെണ്‍കുട്ടി നടത്തുന്ന ശ്രമങ്ങള്‍ വിഫലമായി പോകാതിരിക്കാന്‍ സമൂഹം പ്രവര്‍ത്തിക്കണം: ശാരദക്കുട്ടി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി അറസ്റ്റ് ചെയ്ത നടനെ സാമൂഹ്യ മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ദൃശ്യമാധ്യമങ്ങള്‍ നിയന്ത്രണം വിട്ടു കുറ്റാരോപിതനെ പിന്തുടരുന്നതും വിപരീതഫലം ഉണ്ടാക്കുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് ശരിയായ നീതി നടപ്പാക്കുന്നതിന് തടസ്സമാകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇന്നലെ മുതല്‍ പണക്കൊഴുപ്പിന്റെയും ആള്‍ബലത്തിന്റെയും ഭയപ്പെടുത്തുന്ന ആസൂത്രണങ്ങള്‍ വെളിപ്പെടുന്നുവെന്നും സാമൂഹിക മാധ്യമങ്ങളുടെ ജാഗ്രത നഷ്ടപ്പെടുന്നത് അപകടമാണെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടിച്ചേല്പിക്കപ്പെടാത്തതും എന്നാല്‍ സ്വയമേ സംസ്‌കരിച്ചെടുത്തതും ആയ ഒരച്ചടക്കത്തിന്റെ ആവശ്യകത ഗുരുതരമായ സാമൂഹികപ്രശ്‌നങ്ങളെ നേരിടുമ്പോള്‍ ആവശ്യമാണ്.വികാരത്തിന്റെ കുതിരപ്പുറത്തു കയറി പാഞ്ഞു നടക്കുകയാണ് കുറ്റാരോപിതന്റെ അനുകൂലികള്‍.പെട്ടെന്ന് പ്രതികൂലികള്‍ അപ്രത്യക്ഷമായതു പോലെ.എന്തോ വലിയ മാജിക് നടന്നുവോ.ചോദ്യം ചെയ്യലില്‍ ഏറെക്കുറെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ട കാര്യങ്ങള്‍ പോലും അതി വൈകാരികതയാല്‍ ദുര്‍ബ്ബലപ്പെടുത്തുവാന്‍ കാര്യമായ ശ്രമം നടക്കുന്നു. ഇത് ശരിയായ നീതി നടപ്പാക്കുന്നതിന് തടസ്സമാകും എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. ഇന്നലെ മുതല്‍ പണക്കൊഴുപ്പിന്റെയും ആള്‍ബലത്തിന്റെയും ഭയപ്പെടുത്തുന്ന ആസൂത്രണങ്ങള്‍ വെളിപ്പെടുന്നു.സാമൂഹിക മാധ്യമങ്ങളുടെ ജാഗ്രത നഷ്ടപ്പെടുന്നത് അപകടമാണ്.ദൃശ്യമാധ്യമങ്ങള്‍ നിയന്ത്രണം വിട്ടു കുറ്റാരോപിതനെ പിന്തുടരുന്നതും വിപരീതഫലം ഉണ്ടാക്കുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ഇടപെടലുകള്‍ തുടങ്ങുമ്പോള്‍ ഉണ്ടാകേണ്ടതിനെക്കാള്‍ കരുതല്‍ അത് തക്ക സമയത്തു അവസാനിപ്പിക്കുന്നതിലും സ്വയം നിയന്ത്രിക്കുന്നതിലും മാധ്യമങ്ങളും വ്യക്തികളും ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ അപകടമാകും സംഭവിക്കുക.അകത്തുള്ളതിനെക്കാള്‍ എത്രയോ പ്രബലരാണ് പുറത്ത്. ജീവിതം പണയപ്പെടുത്തി ഒരു പെണ്‍കുട്ടി നടത്തുന്ന പരിശ്രമങ്ങള്‍ വിഫലമായി പോകാതിരിക്കുവാന്‍ പ്രബുദ്ധതയുള്ള സമൂഹം കരുതലോടെ പ്രവര്‍ത്തിക്കണം.അപേക്ഷയാണ്. ശാരദക്കുട്ടി വ്യക്തമാക്കുന്നു

സോഷ്യല്‍ മീഡിയയില്‍ പ്രമുഖ നടിയെ തട്ടിക്കെണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിന്തുണക്കുവാനുള്ള പലതരത്തിലുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. വെള്ളപൂശണമെന്ന ലക്ഷ്യത്തോടെ ദിലീപ് അറസ്‌ററിലായ ദിവസം തന്നെ ഇവര്‍ രംഗത്ത് എത്തിയിരുന്നു. ദിലീപിന് അനുകൂല തരംഗം സൃഷ്ടിക്കാന്‍ മാധ്യമങ്ങളെ കുറ്റം പറയുക, ദിലീപ് ചെയ്ത് സദ് പ്രവൃത്തികള്‍ എഴുതുക എന്നതാണ് ഇവര്‍ പ്രധാനമായും ചെയ്യുന്നത്.

ഗോവിന്ദചാമിക്കും അമീറുള്‍ ഇസ്ലാമിനും ലഭിക്കാത്ത പരിഗണന പൊതുസമൂഹത്തില്‍നിന്ന് ദിലീപിന് ലഭിക്കാന്‍ വമ്പന്മാര്‍ രംഗത്തുണ്ട്. ഇതുമനസിലാക്കി രണ്ടുവള്ളത്തിലും കാലുചവിട്ടി നില്‍ക്കുന്നവരും കുറവല്ല. അടുത്ത കുറ്റപത്രത്തില്‍ രണ്ടാം പ്രതിയായി ഉയരപ്പെടുന്ന ദിലീപിന്റെ പ്രധാന കുറ്റം ഗൂഢാലോചനയാണ്. മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്കൊപ്പം ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്. ബലാല്‍സംഗത്തിനും തട്ടിക്കൊണ്ടുപോകലിനും കേസ് വേറെ. എന്നാല്‍ ഇതിനെയെല്ലാം കവച്ചുവച്ച് പിആര്‍ വര്‍ക്കിലൂടെ പ്രതിയെ വീണ്ടും ജനപ്രിയനാക്കാനാണ് ദിലീപ് വൃത്തങ്ങളുടെ ശ്രമം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top