കുറ്റക്കാരനെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണം; അന്വേഷണവുമായി സഹകരിക്കും: അന്‍വര്‍ സാദത്ത് എംഎല്‍എ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. നടിക്കെന്നല്ല ഒരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും താന്‍ ഇരയ്‌ക്കൊപ്പമാണെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു. കേസില്‍ ദിലീപ് പ്രതി ആയിട്ടില്ലെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. ആലുവയിലെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം ക്രിമിനലുകളെ വെച്ച് പൊറുപ്പിക്കരുതെന്ന് അന്‍വര്‍ സാദത്ത് അഭിപ്രായപ്പെട്ടു. ഇത്തരക്കാര്‍ക്ക് ഒരിക്കലും കൂട്ട് നില്‍ക്കില്ല. ദിലീപുമായി തനിക്ക് വര്‍ഷങ്ങളുടെ സൗഹൃദമാണ് ഉള്ളത്. ദിലീപ് അടുത്ത സുഹൃത്താണ്. അതിനാല്‍ അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്. എന്നുകരുതി ഈ വിഷയത്തില്‍ തനിക്ക് സഹായിക്കാന്‍ കഴിയില്ലെന്ന് ദിലീപിനറായാം. എനിക്ക് സഹായിക്കാന്‍ പറ്റില്ല. ദിലീപുമായി തനിക്ക് യാതൊരു വിധത്തിലുള്ള സാമ്പത്തിക-വസ്തു ഇടപാടുകളും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. വിഷയത്തില്‍ ദിലീപിനെ ചേര്‍ത്ത് ഓരോ വാര്‍ത്തകള്‍ വരുമ്പോഴും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തെറ്റ് ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നിന്നിട്ടേ ഉള്ളൂ ദിലീപ്. ഒരിക്കല്‍ തേവരുടെ ക്ഷേത്രം ചൂണ്ടിക്കാട്ടി തെറ്റ് ചെയ്തിട്ടില്ലെന്ന് സത്യംചെയ്ത് പറഞ്ഞു. പള്‍സര്‍ സുനിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

നടി ആക്രമണത്തിന് ഇരയായ ശേഷം ദിലീപിനെ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അന്‍വര്‍ സാദത്ത് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപുമായി സംസാരിച്ചിരുന്നു. റയാന്‍ സ്‌കൂളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വിളിച്ചത്. രണ്ട് ദിവസമായി ഞാന്‍ വിളിച്ചിരുന്നെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ദിലീപ് ഇങ്ങോട്ട് വിളിക്കുകയായിരുന്നു. എംഎല്‍എ പറഞ്ഞു. ദിലീപ് വിഷയത്തില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അന്‍വര്‍ പറഞ്ഞു. ആരോപണവിധേയരായ ഇടത് എംഎല്‍എമാര്‍ക്കൊപ്പം തന്നെയും വെച്ചുകെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.

സംഭവത്തില്‍ ഏതന്വേഷണത്തിനും തയ്യാറാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. എന്റെ ജീവിതം തുറന്ന പുസ്തകമാണ്. ദിലീപ് ഫാന്‍സ് അസോസിയേഷന്റെ പ്രസിഡന്റാണെന്ന പ്രചരണം തന്നെ അപകീര്‍ത്തിപ്പെടുത്താനാണ്. അദ്ദേഹം പറഞ്ഞു.

ദിലീപുമായി ആലുവ എംഎല്‍എ അന്‍വര്‍സാദത്തിന് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ഇത് ചൂണ്ടിക്കാട്ടി എംഎല്‍എയ്‌ക്കെതിരെ മറ്റ് പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അന്‍വര്‍ ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ദിലീപുമായുള്ള ബന്ധത്തിന്റെ പേരില്‍ അന്‍വര്‍ സാദത്ത് എംഎല്‍എയെ പൊലീസ് ചോദ്യം ചെയ്യുമെന്ന് വാര്‍ത്തകളുണ്ട്.

DONT MISS
Top