പ്ലാച്ചിമടയിലേക്ക് ഇനി വരില്ലെന്ന് കൊക്കക്കോള; കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

അടച്ചുപൂട്ടിയ കൊക്കകോള ഫാക്ടറി, ഇന്ത്യന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: പാലക്കാട് പ്ലാച്ചിമടയില്‍ ശക്തമായ ജനകീയ സമരത്തിന് മുന്നില്‍ മുട്ടുമടക്കി അടച്ചുപൂട്ടിയ കോള ഫാക്ടറി ഇനി തുറക്കില്ലെന്ന് കൊക്കക്കോള കമ്പനി, സുപ്രീംകോടതിയെ അറിയിച്ചു. ജലചൂഷണത്തെ തുടര്‍ന്ന് പ്ലാച്ചിമടയിലെ കൊക്കക്കോള പ്ലാന്റിന് പെരുമാട്ടി ഗ്രാമപഞ്ചായത്ത് 2003 ല്‍ അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള കേസ് പരിഗണിച്ചപ്പോഴാണ് തങ്ങള്‍ പ്ലാച്ചിമടയില്‍ ഇനി ഫാക്ടറി തുറക്കുന്നില്ലെന്ന് കൊക്കക്കോള കമ്പനി അധികൃതര്‍ അറിയിച്ചത്. ഇതേതുടര്‍ന്ന് പഞ്ചായത്ത് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള കേസ് സുപ്രീംകോടതി തീര്‍പ്പാക്കി.

2000 ലാണ് പെരുമാട്ടി പഞ്ചായത്ത് അതിര്‍ത്തിയിലുള്ള പ്ലാച്ചിമടയില്‍ കൊക്കക്കോള ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ കഴിയും മുന്‍പേ അമിത ജലചൂഷണവുംജലമലിനീകരണവും നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. കിണറുകളിലേയും കുളങ്ങളിലേയും ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. വളമെന്ന പേരില്‍ കൃഷിക്കാര്‍ക്ക് നല്‍കിയ ഫാക്ടറിയിലെ ഖരമാലിന്യം കൃഷിയിടങ്ങളെ മലിനമാക്കി.

തുടര്‍ന്ന് നാട്ടുകാര്‍ 2002 ഏപ്രില്‍ 22ന് കമ്പനിയുടെ ജലചൂഷണത്തിനെതിരെ സമരം തുടങ്ങി. ഇതിനിടെ ജലചൂഷണത്തിന്റെ പേരില്‍ കമ്പനിയുടെ പ്രവര്‍ത്തനാനുമതി പെരുമാട്ടി പഞ്ചായത്ത് റദ്ദുചെയ്തു. 2003 ല്‍ കൊക്കക്കോള കമ്പനി, പ്ലാച്ചിമടിയിലെ ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു. കമ്പനിക്ക് അനുമതി നിഷേധിച്ച പെരുമാട്ടി പഞ്ചായത്തിനെതിരെയുള്ള ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top