ദിലീപ് കേസ്: അന്‍വര്‍ സാദത്ത് എംഎല്‍എയെ ചോദ്യം ചെയ്യും

ദിലീപ്, അന്‍വര്‍ സാദത്ത്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീലിപുമായി അടുപ്പമുള്ള ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെ പൊലീസ് ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഭൂമിയിടപാടുകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് എംഎല്‍എയായ അന്‍വര്‍ സാദത്തിനെ ചോദ്യം ചെയ്യുക. ദിലീപിന്റെ സ്വദേശമായ ആലുവ എംഎല്‍എയാണ് അന്‍വര്‍ സാദത്ത്. ദിലീപുമായി ഏറെ അടുപ്പമുള്ളയാളുമാണ് അന്‍വര്‍ സാദത്ത്.

ചോദ്യം ചെയ്യാനായി അന്‍വര്‍ സാദത്തിന് പൊലീസ് നോട്ടീസ് നല്‍കും. ഇപ്പോള്‍ വിദേശത്തുള്ള എംഎല്‍എ നാട്ടിലെത്തിയാലുടന്‍ പൊലീസ് അദ്ദേഹത്തെ വിളിപ്പിക്കുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട കേസില്‍ സംഭവം നടന്ന ശേഷം ദിലീപ്, അന്‍വര്‍ സാദത്തിനെ പലതവണ വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

കൊച്ചിയില്‍ മാത്രം ദിലീപ് 35 ഓളം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയുണ്ടെന്നാണ് പൊലീസിന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.  ദിലീപിന്റെ ചില ബിനാമിയിടപാടുകള്‍ അന്‍വര്‍ സാദത്തുവഴിയാണ് നടന്നതെന്ന്റി പ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളെല്ലാം നല്‍കാന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

ദിലീപും മഞ്ജു വാര്യരും നടിയും തമ്മില്‍ റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളുണ്ടോ എന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നു. ദിലീപും നടിയും തമ്മില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

 സിനിമയില്‍ അഭിനയിച്ചാല്‍ ഉണ്ടാക്കാനാകുന്നതിനേക്കാള്‍ ഇരിട്ടിയിലേറെ സമ്പത്ത് ദിലീപിനുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിരുന്നു. ഹൗസ് ബോട്ട്, തീയേറ്റര്‍, ഹോട്ടല്‍ വ്യവസായം അടക്കം നിരവധി വ്യവസായ രംഗത്ത് സജീവമായ ദിലീപിന് സ്വന്തം സിനിമാ നിര്‍മ്മാണക്കമ്പനിയ്ക്ക് പുറമേ, മറ്റ് സിനിമാ പ്രൊഡക്ഷന്‍ കമ്പനികളില്‍ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

നേരത്തെ ദിലീപ് അടക്കമുള്ള മുന്‍നിര താരങ്ങളുടെ സ്വത്ത് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളടക്കം അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് ഇത് തണുക്കുകയായിരുന്നു. സിനിമയിലെ പ്രമുഖരുടെ സ്വാധീനത്തെ തുടര്‍ന്നായിരുന്നു ഈ അന്വേഷണം മരവിച്ചതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. ദിലീപിന് ദുബായിലെ കള്ളപ്പണ റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് പൊലീസിനോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

DONT MISS
Top