ദിലീപിനെ കൈവിട്ട് ‘അമ്മ’; പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി

ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അമ്മയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് ദിലീപിനെ പുറത്താക്കിയിരിക്കുന്നത്. അമ്മയുടെ ട്രഷററായിരുന്നു ദിലീപ്. ഈ സ്ഥാനത്തുനിന്നും ദിലീപിനെ നീക്കിയിട്ടുണ്ട്.

അമ്മയുടെ അടിയന്തര എക്‌സ്‌ക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തീരമാനം സംബന്ധിച്ച പത്രക്കുറിപ്പ് യോഗശേഷം വിതരണം ചെയ്തു. പ്രസിഡന്റ് ഇന്നസെന്റിന്റെ അസാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വീട്ടിലായിരുന്നു യോഗം ചേര്‍ന്നത്. പനി പിടിച്ച് ചികിത്സയിലായതിനാലാണ് ഇന്നസെന്റിന് യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കാഞ്ഞത്.

മോഹന്‍ ലാലും മമ്മൂട്ടിയും ദിലീപിനെതിരെ നടപടി വേണമെന്ന നിലപാടാണ് കൈക്കൊണ്ടത്. ദിലീപിനെതിരെ ശക്തമായ നടപടികള്‍ വേണമെന്ന് യുവതാരങ്ങളും ആവശ്യപ്പെട്ടു. ആക്രമത്തിന് ഇരയായ നടിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന താരങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അമ്മ വ്യക്തമാക്കി. നടിക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.

ദിലീപിനെ മറ്റ് സിനിമാ സംഘടനകളും കൈവിടുകയാണ്. നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക എന്നിവ ദിലീപിനെ പുറത്താക്കി.

2003 ല്‍ സിഐഡി മൂസ എന്ന ചിത്രം നിര്‍മിച്ചുകൊണ്ടാണ് ദിലീപ് നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്നാണ് ദിലീപ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അംഗമായത്.

അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയലിണ് ദിലീപ് ഫെഫ്കയില്‍ അംഗമായത്. 1991 ല്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമാരംഗത്തേക്കുള്ള ദിലീപിന്റെ കടന്നുവരവ്. തിയേറ്റര്‍ ഉടമകളുടെ സംഘടനയും അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം അവരും കൈക്കൊള്ളാനാണ് സാധ്യത.

DONT MISS
Top