ഹജ്ജ് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് സൗദി സിവില്‍ ഏവിയേഷന്‍

പ്രതീകാത്മക ചിത്രം

സൗദി: ഹജ്ജ് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി. വിമാന കമ്പനികള്‍ക്ക് വിതരണം ചെയ്ത ഹജ്ജ് സര്‍വീസ് മാര്‍ഗനിര്‍ദേശങ്ങളിലാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.

സമയം പാലിക്കാത്ത വിമാന കമ്പനികള്‍ പതിനായിരം മുതല്‍ രണ്ട് ലക്ഷം റിയാല്‍ വരെ പിഴ അടക്കണമെന്ന് വിമാന കമ്പനികള്‍ക്ക് വിതരണം ചെയ്ത ഗൈഡില്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ വിമാന മാര്‍ഗം സൗദിയില്‍ എത്തിച്ചേരേണ്ട അവസാന ദിവസം ആഗസ്ത് 26 ആണ്. നിശ്ചിത സമയത്ത് തീര്‍ഥാടകരെ തിരിച്ച് കൊണ്ടുപോകുന്നതില്‍ വീഴ്ച വരുത്തുന്ന വിമാന കമ്പനികള്‍ക്കും പിഴ ചുമത്തും. വിമാന കമ്പനികളുടെ നിയമ ലംഘനം പരിശോധിക്കുന്ന പ്രത്യേക സമിതിയുടെ ശിപാര്‍ശ പ്രകാരമായിരിക്കും പിഴ ചുമത്തുക.

നിശ്ചിത സമയത്ത് തീര്‍ഥാടകരെ തിരിച്ച് കൊണ്ടുപോകാത്ത യാത്രക്കാരെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വാടകക്കെടുക്കുന്ന വിമാനങ്ങളില്‍ സ്വദേശങ്ങളിലേക്ക് മടക്കി അയക്കും. ഇതിനുളള ചെലവ് വിമാന കമ്പനികള്‍ കെട്ടിവെക്കുന്ന ബാങ്ക് ഗ്യാരണ്ടിയില്‍ നിന്ന് ഈടാക്കും. ഈ മാസം 24 മുതല്‍ ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ഹജ്ജ് തീര്‍ഥാടകര്‍ എത്തി തുടങ്ങും. ജിദ്ദ എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനലിന് മണിക്കൂറില്‍ 3,800 ഹജ്ജ് തീര്‍ഥാടകരെ കൈകാര്യം ചെയ്യാന്‍ ശേഷിയുെണ്ടന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

DONT MISS
Top