സുധാകരന്റെ രഹസ്യ ചര്‍ച്ച; ജില്ലാ കമ്മിറ്റി അറിഞ്ഞില്ലെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍, വിശദീകരണം ചോദിച്ച് കെപിസിസിയില്‍ പരാതി നല്‍കും

വി കെ ശ്രീകണ്ഠന്‍

പാലക്കാട്:  പാലക്കാട് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി അറിയാതെയാണ് കെ സുധാകരന്‍ കഴിഞ്ഞ ദിവസം ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍. ഇതിനെതിരെ കെപിസിസിയില്‍ പരാതി നല്‍കി വിശദീകരണം തേടുമെന്നും ശ്രീകണ്ഠന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയല്ല അത്തരമൊരു യോഗം നടന്നത്. ജില്ലയിലെ ഒരു കോണ്‍ഗ്രസ് നേതാവിനും സുധാകരന്റെ യോഗത്തെ സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ജിഷ്ണു കേസിലും, നെഹ്‌റു ഗ്രൂപ്പിന്റെ നിലപാടിലും ഉണ്ടായിരുന്ന അഭിപ്രായം വ്യക്തമാക്കിയിട്ടുളളതാണ്വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമല്ല കെ സുധാകരന്‍ രഹസ്യ യോഗത്തില്‍ പങ്കെടുത്തതെന്ന് കെ മുരളീധരന്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. ജിഷ്ണു കേസില്‍ കൃഷ്ണദാസിനെതിരാണ് കോണ്‍ഗ്രസ് നിലപാട്. ഈ വിഷയം ഇന്ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

രഹസ്യയോഗത്തിനെ വിമര്‍ശിച്ച് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും രംഗത്തെത്തിയിരുന്നു. കെ സുധാകരനെതിരെ കേസ് എടുക്കണമെന്ന് മഹിജ ആവശ്യപ്പെട്ടു . ഷഹീര്‍ ഷൗക്കത്തലിയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് തെറ്റ്, കേസ് പിന്‍വലിക്കാന്‍ പറയാന്‍ സുധാകരന്‍ കോടതിയാണോ എന്നും മഹിജ ചോദിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിനെതിരെ കേസ് കൊടുത്ത ഷഹീറിന്റെ വീട്ടില്‍  കെ സുധാകരന്‍ രഹസ്യ ചര്‍ച്ചയ്‌ക്കെത്തിയത്. ഷഹീര്‍ ഷൗക്കത്തലിയുടെ ചെറപ്ലശേരിയിലുള്ള വീട്ടിലാണ് സുധാകരന്‍ ചര്‍ച്ചയ്‌ക്കെത്തിയത്. സുധാകരനൊപ്പം കൃഷ്ണദാസും സഹോദരന്‍ കൃഷ്ണകുമാറും ഉണ്ടായിരുന്നു.

ലക്കിടി ജവഹര്‍ കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായിരുന്ന ഷഹീര്‍ ഷൗക്കത്തലി, മര്‍ദ്ദിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് കൃഷ്ണദാസിനെതിരെ കേസ് കൊടുത്തത്. പരാതിയിന്മേല്‍ കൃഷ്ണദാസിനെതിരെ പഴയന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു.

ജിഷ്ണു പ്രണോയ് മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പാണ് ഷഹീര്‍ ഷൗക്കത്തലിയെ കൃഷ്ണദാസ് ക്രൂരമായി മര്‍ദ്ദിച്ചത്. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും, കേന്ദ്ര ആദായ നികുതി വകുപ്പിനും പരാതിപ്പെട്ടതാണ് ഷഹീറിന് മര്‍ദ്ദനമേല്‍ക്കാന്‍ കാരണമായത്. ജനുവരി 3ന് ജവഹര്‍ലാല്‍ കോളേജില്‍ നിന്നും പ്രത്യേക വാഹനത്തില്‍ പാമ്പാടി നെഹ്‌റു കോളേജില്‍ കൊണ്ടുപോയി ചെയര്‍മാന്റെ മുറിയില്‍ വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.

പരാതി പിന്‍വലിക്കുന്നതായി നിര്‍ബന്ധിച്ച് എഴുതിവാങ്ങി. റാഗിങ്ങില്‍ ക്ഷമ ചോദിക്കുന്നു എന്നു കൂടി എഴുതി നല്‍കണമെന്ന ആവശ്യം ഷഹീര്‍ നിരാകരിച്ചതോടെയാണ് മര്‍ദ്ദനം ആരംഭിച്ചത്. വിവരം അന്വേഷിക്കാനെത്തിയ രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നും ഷഹീര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top