നടി ആക്രമിക്കപ്പെട്ട കേസ്: നിര്‍ഭയ കേസിന് സമാനമായ സംഘടിത കുറ്റകൃത്യം, അമ്മയില്‍ വനിത പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ല എന്നും ആഷിഖ് അബു

ആഷിഖ് അബു

കൊച്ചി: കൊച്ചിയില്‍  നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന അമ്മയ്‌ക്കെതിരെ സംവിധായകന്‍ ആഷിഖ് അബു. അമ്മയില്‍ നിന്ന് വനിത പ്രവര്‍ത്തകര്‍ക്ക് നീതി കിട്ടില്ലെന്ന് ആഷിഖ് അബു റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. സിനിമയിലെ പ്രമുഖര്‍ അടക്കം സൗകര്യപ്രദമായ മൗനം ആചരിക്കുകയാണ്. നിര്‍ഭയ കേസിന് സമാനമായ രീതിയില്‍ സംഘടിതമായ കുറ്റ കൃത്യമാണ് നടിക്കെതിരെ ഉണ്ടായതെന്നും ആഷിഖ് അബു പറഞ്ഞു.

ആക്രമണത്തിനിരയായ നടിക്കെതിരെ അമ്മ സ്വീകരിച്ച സമീപനത്തെ നിശിതമായ രീതിയിലാണ് ആഷിഖ് അബു വിമര്‍ശിച്ചത്. ജനാധിപത്യമില്ലാത്ത ഇത്തരം സംഘടനകളില്‍ ചിലരുടെ വികാര പ്രകടനം മാത്രമാണ് നടക്കുന്നത്. അമ്മയില്‍ നിന്നും വനിത പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കുന്നില്ല. കഴിഞ്ഞ അമ്മ യോഗത്തിന് ശേഷം ജനങ്ങള്‍ക്ക് സിനിമ പ്രവര്‍ത്തകരോടുള്ള സമീപനം തന്നെ മാറി ആഷിഖ് അബു പറഞ്ഞു.

സിനിമയിലെ ഉന്നതരടക്കം നടിക്ക് നീതി കിട്ടാന്‍ വേണ്ടി മുന്നിട്ടിറങ്ങിയിട്ടില്ല. അവരെല്ലാം സൗകര്യപ്രദമായ മൗനം ആചരിക്കുകയാണ്. നടിക്കെതിരായുണ്ടായ സംഘടിതകുറ്റ കൃത്യം നിര്‍ഭയ കേസിന് സമാനമാണ്. അന്വേഷണത്തെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. സ്വന്തം അഭിപ്രായം തുറന്നുപറയുന്നതിന്റെ പേരില്‍ ആരെയെങ്കിലും വിലക്കുന്ന കാലം കഴിഞ്ഞെന്നും ആഷിഖ്  അബു റിപ്പാര്‍ട്ടറോട് പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ടതുമായ സംഭവത്തില്‍ തുടക്കം മുതല്‍ തന്റെ നിലപാട് വ്യക്തമാക്കിയ വ്യക്തിയായിരുന്നു ആഷിഖ് അബു. കേസിന്റെ അന്വേഷണം നടക്കുന്നത് സംഘടിത കുറ്റകൃത്യം എന്ന നിലയിലാണെന്ന് ആഷിഖ് അബു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടറിന്റെ തന്നെ ന്യൂസ് നൈറ്റിലായിരുന്നു ആഷിക്ക് അബുവിന്റെ പ്രതികരണം. അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇക്കാര്യമാണ് ബോധ്യമാകുന്നത്.

സിനിമ മേഖലയിലെ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണ്. സിനിമ നല്‍കുന്ന സമ്പത്തും ആനുകൂല്യങ്ങളും മറ്റും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നത് ഞെട്ടിക്കുന്നതാണ്. സിനിമ മേഖലയില്‍ ചില ക്രിമിനല്‍ ആക്ടിവിറ്റികള്‍ കണ്ടുവരുന്നുവെന്നും ആഷിഖ് റിപ്പോര്‍ട്ടറിന്റെ ന്യൂസ് നൈറ്റില്‍ പറഞ്ഞു. കേസില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുന്നു എന്ന് വിശ്വിസിക്കുന്നു. നിലവില കേസന്വേഷണം ആശ്വാസം നല്‍കുന്നതെന്നും ആഷിഖ് അബു വ്യക്തമാക്കിയിരുന്നു.

നടിക്ക് സംഭവിച്ചതിന് ആരൊക്കെയോ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഇതൊരു ഓര്‍ഗനൈസഡ് ക്രൈമാണ്. ഇമോഷണന്‍ സെന്റിമെന്‍സിന്റെ പുറത്തുണ്ടായ ഒന്നായി ഇതിനെ കാണാന്‍ കഴിയില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരും പൊലീസ് സംവിധാനങ്ങളും കാര്യമായി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും ആഷിഖ് പറഞ്ഞിരുന്നു.

DONT MISS
Top