പക്ഷിയുമായി കൂട്ടിയിടിച്ചു; എയര്‍ എഷ്യ വിമാനം അടിയന്തരമായി റണ്‍വെയില്‍ ഇറക്കി

ഫയല്‍ ചിത്രം

ദില്ലി: പക്ഷിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എയര്‍ എഷ്യ വിമാനം അടിയന്തരമായി റണ്‍വെയില്‍ ഇറക്കി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് പോവുയായിരുന്ന എയര്‍ ബസ്സ് എ-330 എന്ന വിമാനമാണ് കൂട്ടിയിടിയെ തുടര്‍ന്ന് അടിയന്തരമായി ബ്രിസ്‌ബെന്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.

വിമാനത്തിന്റെ വലതുവശത്തുനിന്നും നാലോളം തവണ ശബ്ദം കേട്ടതായി യാത്രക്കാര്‍ പറഞ്ഞുവെന്ന് വാര്‍ത്താ എജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഇടിയെ തുടര്‍ന്ന് വിമാനത്തിന്റെ ജനാലകളിലൂടെ ഓറഞ്ച് വെളിച്ചം വന്നതായി ഒരു യാത്രക്കാരന്‍ മധ്യമങ്ങളോട് പറഞ്ഞു. ഈ വെളിച്ചം എന്‍ജിനില്‍ നിന്നും ഉയര്‍ന്ന തീയാണെന്നാണ് മറ്റൊരു യാത്രക്കാരന്‍ പ്രതികരിച്ചത്.

വിമാനത്തില്‍ പക്ഷി വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കിയെന്നാണ് ഓസ്‌ട്രേലിയന്‍ സിവില്‍ ഏവിയേഷന്‍ സേഫ്ടി അതോറിറ്റി വക്താവ് പീറ്റര്‍ ഗിസ്‌ബോ വ്യക്തമാക്കിയത്. അതേസമയം, പൈലറ്റിന്റെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് എയര്‍ എഷ്യ എക്‌സിക്യൂട്ടീവ് ബെന്യാമിന്‍ ഇസ്‌മെയില്‍ പ്രതികരിച്ചു. വിമാനത്തിലെ 345 യാത്രക്കാരും 14 ജീവനക്കാരും സുരക്ഷിതരാണെന്ന് വക്താക്കള്‍ അറിയിച്ചു.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് എയര്‍ ഏഷ്യ വിമാനം അടിയന്തര സാഹചര്യത്തില്‍ റണ്‍വെയില്‍ ഇറക്കുന്നത്. എയര്‍ ഏഷ്യയുടെ ഒരു വിമാനം പെര്‍ത്തില്‍വെച്ച് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയിരുന്നു.

DONT MISS
Top