ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞു കേന്ദ്ര സര്‍ക്കാര്‍: ട്രൈബ്യൂണലിന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ എടുത്തുകളഞ്ഞു

ഫയല്‍ ചിത്രം

ദില്ലി:ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞു കേന്ദ്ര സര്‍ക്കാര്‍. ഉന്നത കോടതി ജഡ്ജിമാരെത്തന്നെ ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിക്കണമെന്ന വ്യവസ്ഥ കേന്ദ്രം ഭേദഗതി ചെയ്തു. കേന്ദ്രം നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അംഗങ്ങളെ മാറ്റാം. മറ്റു 18 ട്രൈബ്യൂണലുകളില്‍ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള വ്യവസ്ഥകളും അവരുടെ ആനുകൂല്യങ്ങളും കേന്ദ്രം ഭേദഗതി ചെയ്തു.

ട്രൈബ്യൂണലുകളുടെ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കേന്ദ്ര റവന്യൂ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിലവിലെ അധികാരങ്ങള്‍ കവരാന്‍ വഴിയൊരുക്കുന്നത്. പരിസ്ഥിതി നിയമങ്ങൾ കര്‍ശനമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതി-ഹൈക്കോടതി മുന്‍ ജഡ്ജിമാരുടെ നേതൃത്വത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ രൂപീകരണം.

ഹരിത ട്രൈബ്യൂണലിന്റെ നിരവധി ഉത്തരവുകള്‍ വ്യവസായ മേഖലയ്ക്കും സര്‍ക്കാരുകള്‍ക്കും തിരിച്ചടിയായിരുന്നു. ഇതിനിടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ അല്ലാതിരുന്നവര്‍ക്കും ട്രൈബ്യൂണലിന്റെ തലപ്പത്തെത്താം എന്നതാണ്. നിയമ പരിസ്ഥിതി രംഗത്ത് ഇരുപത്തി അഞ്ചു വര്‍ഷം പ്രവര്‍ത്തന പരിചയമുള്ളവരെ അധ്യക്ഷനായി നിയമിക്കാം. ഹരിത ട്രൈബ്യൂണലിലെ ജുഡീഷ്യൽ അംഗവും റിട്ട. ഹൈക്കോടതി ജഡ്ജിയാകണമെന്നില്ല. പത്തു വര്‍ഷം നിയമ ഉധ്യോഗസ്ഥന്‍ ആയിരുന്നാല്‍ മതി. അദ്ധ്യക്ഷന്‍റെ നിയമന കാലാവധി 5 വര്‍ഷത്തിൽ നിന്ന് 3 വര്‍ഷമാക്കി.

വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അധ്യക്ഷനെയും അംഗങ്ങളെയും തിരഞ്ഞെടുക്കേണ്ടത്. രാഷ്ട്രപതിയുടെ കീഴിലായിരുന്ന ഹരിത ട്രൈബ്യൂണൽ അദ്ധ്യക്ഷനെ വനംപരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ കീഴിലാക്കി. അദ്ധ്യക്ഷനും അംഗങ്ങൾക്കും സുപ്രീംകോടതി-ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്ള ആനുകൂല്യങ്ങൾക്ക് പകരം ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുള്ള ആനുകൂല്യങ്ങളെ ലഭിക്കൂ.

സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതി നടത്തുന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജുഡീഷ്യല്‍ അംഗം അടക്കമുള്ളവരെ മാറ്റാം. ജുഡീഷ്യല്‍ സ്വഭാവമുണ്ടായിരുന്ന ട്രൈബ്യൂണലിനെ ഉദ്യോഗസ്ഥ നിയന്ത്രണ ത്തിലേക്ക് മാറ്റി കടിഞ്ഞാന്‍ സര്‍ക്കാരിന്റെയും കയ്യില്‍ ആക്കാനാണ് പുതിയ ചട്ടങ്ങള്‍ എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വിമര്‍ശനം

DONT MISS
Top