നേഴ്‌സുമാരുടെ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് അനാവശ്യ പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ്; ദുര്‍വാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം

തിരുവനന്തപുരം: നേഴ്‌സുമാരുടെ സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് അനാവശ്യ പിടിവാശിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ രീതിയില്‍ നടക്കുന്ന സമരങ്ങളെ അവഗണിച്ചും അടിച്ചമര്‍ത്തിയും മുന്നോട്ട് പോകുന്ന പതിവ് രീതി നേഴ്‌സുമാരോട് എങ്കിലും പാടില്ല, ദുര്‍വാശി ഉപേക്ഷിച്ച് സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പനി നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ നേഴ്‌സ്മാരുടെ സേവനം ഉറപ്പാക്കുന്നതിലും പരാജയപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രമേശ് ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മാന്യമായ വേതനം എന്ന തികച്ചും ന്യായമായ ആവശ്യത്തിനായി നേഴ്സുമാർ നടത്തുന്ന സമരത്തോട് സർക്കാർ അനാവശ്യ പിടിവാശിയാണ് കാണിക്കുന്നത് . നിരാഹാരം അനുഷ്ഠിക്കുന്ന ഐ എൻ എ ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷിയാസിനെ ഇന്ന് സമര പന്തലിൽ ഞാൻ സന്ദർശിച്ചു . നിരാഹാര സമരം നാലാം ദിനം പൂർത്തിയാകുന്നതോടെ അദ്ദേഹത്തിൻറെ ആരോഗ്യാവസ്ഥ വഷളായി. ഇനിയും ഇവരെ സെക്രട്ടറിയേറ്റിനു മുന്നിൽ മഴയത്ത് ഇരുത്തരുത് . ദുർവാശി ഉപേക്ഷിച്ചു ,ചർച്ചയ്ക്കു വിളിച്ചു സമരം ഒത്തുതീർക്കാൻ സർക്കാർ തയാറാകണം.ജനാധിപത്യ രീതിയിൽ നടക്കുന്ന സമരങ്ങളെ അവഗണിച്ചും അടിച്ചമർത്തിയും മുന്നോട്ട് പോകുന്ന പതിവ് രീതി നേഴ്സുമാരോട് എങ്കിലും പാടില്ല .രണ്ടാം ഘട്ട സമരത്തിനായി കാസർഗോഡും തിരുവനന്തപുരത്തുമായി അൻപതോളം ആശുപത്രികളിലാണ് നേഴ്സ്‌ മാരുടെ സംഘടന നോട്ടീസ് നൽകിയിരിക്കുന്നത്.പനി നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ നേഴ്സ്‌മാരുടെ സേവനം ഉറപ്പാക്കുന്നതിലും പരാജയപ്പെടുകയാണ് .

DONT MISS
Top