രാജ്യത്തെ ഏറ്റവും വലുതും വ്യത്യസ്തവുമായ ഇ-മാലിന്യ നിർമാജന പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍

ഫയല്‍ ചിത്രം

രാജ്യത്തെ ഏറ്റവും വലുതും വ്യത്യസ്തവുമായ ഇ-മാലിന്യ നിർമാജന പദ്ധതിക്ക് തുടക്കം കുറിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇ-മാലിന്യങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പുന:ചംക്രമണത്തിനും തുടര്‍ന്നുള്ള സംസ്കരണത്തിനും ക്രമീകരണം ഒരുക്കുന്ന തലത്തില്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഐടി@സ്കൂള്‍ പ്രോജക്ടും തദ്ദേശഭരണവകുപ്പിനു കീഴിലുള്ള ക്ലീന്‍കേരള കമ്പനിയുമായി ചേര്‍ന്ന് ആവിഷ്കരിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

സംസ്ഥാനത്തെ പതിനായിരത്തിലധികം സ്കൂളുകളിലും ഓഫീസുകളിലും നിലവിലുള്ള ഏകദേശം ഒരു കോടി കിലോഗ്രാം ഇ-മാലിന്യങ്ങളായി മാറിയ ഉപകരണങ്ങള്‍ ഇതുവഴി നിര്‍മാര്‍ജനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പിണരായി വിജയന്‍ ഫെയ്സ്ബുക്കിലെഴുതി.ഇത് രാജ്യത്ത് തന്നെ ഏറ്റവും വലിയ ഇ-മാലിന്യ നിര്‍മാജന പ്രക്രിയ ആയിരിക്കും. ഇതിനായി സ്കൂളുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ ഡേറ്റാ ശേഖരണം ഐ.ടി.@സ്കൂള്‍ പ്രോജക്ട് ആരംഭിച്ചു കഴിഞ്ഞു. സ്‌കൂളുകളില്‍ ആരംഭിച്ച ‘ഹായ് സ്കൂള്‍ കുട്ടിക്കൂട്ട’ത്തിലെ ഹാര്‍ഡ്‌വെയര്‍ വിഭാഗത്തിലെ കുട്ടികളെയും ഇ-മാലിന്യം നിശ്ചയിക്കുന്ന സ്കൂള്‍തല സമിതിയില്‍ ഉള്‍പ്പെടുത്തി പുതിയൊരു മാലിന്യനിര്‍മാര്‍ജന സംസ്‌കാരത്തിന് കൂടി സംസ്ഥാനത്ത് തുടക്കം കുറിക്കുകയാണ്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പഴയ വിലക്ക് തൂക്കി വിറ്റാലും മെര്‍ക്കുറി, ലെഡ്, കാഡ്‌മിയം, ബേറിയം, ബെറിലിയം തുടങ്ങി ചെറിയ അളവില്‍പോലും മനുഷ്യശരീരത്തേയും പരിസ്ഥിതിയെയും വളരെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങള്‍ പ്രകൃതിയില്‍ അവശേഷിക്കും. എന്നാല്‍ ഇവയെ ഹൈദരാബാദുള്ള പ്രത്യേക കേന്ദ്രത്തില്‍ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്.
‘പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ’ത്തിന്റെ ഭാഗമായി, ഐ.ടി.@സ്കൂള്‍ നടപ്പാക്കുന്ന ഹൈടെക്‌ സ്‌കൂൾ പദ്ധതിയോടൊപ്പം നടപ്പാക്കുന്ന മാതൃകാപരമായ ഈ പ്രവര്‍ത്തനം ഹരിതകേരളം മി‍ഷന്റെയും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ മറ്റു മാതൃകകള്‍ വകുപ്പുകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

DONT MISS
Top