വാരാണസിയില്‍ ബലാത്സംഗത്തിന് ഇരയായെന്ന് ഫ്രഞ്ചുകാരിയായ വൃദ്ധ

ഫ്രഞ്ചുകാരി താമസിച്ചിരുന്ന റിസോര്‍ട്ട്

വാരാണസി: ബലാത്സംഗം ചെയ്യപ്പെട്ടെന്ന 70 വയസുകാരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

വാരാണസിയിലെ മധോപൂരിലെ ഗംഗാതീരത്തുള്ള ഒരു റിസോര്‍ട്ടിലാണ് കഴിഞ്ഞ 11 മാസമായി ഫ്രഞ്ചുകാരിയായ സാമൂഹ്യപ്രവര്‍ത്തകയുടെ താമസം. ഗ്രാമീണ സ്ത്രീകള്‍ക്കിടയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഒരു എന്‍ജിഒയ്ക്ക് വേണ്ടി സേവനം ചെയ്യുകയാണ് ഇവര്‍. താന്‍ താമസിക്കുന്ന മധോപൂരിലെ ഷൂല്‍ത്താന്‍കേഹ്വാറിലെ റിസോര്‍ട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെതിരേയാണ് വൃദ്ധയുടെ പരാതി.

സെക്യൂരിറ്റി ജീവനക്കാരനായ ഓംപ്രകാശ് എന്നയാള്‍ ബുധനാഴ്ച രാത്രി തന്റൈ മുറിയില്‍ അതിക്രമിച്ചുകയറി ആക്രമിക്കുകയും പരിക്കേറ്റു കിടന്ന തന്നെ പിന്നീട് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് ഫ്രഞ്ചുകാരി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

പോലീസ് എത്തിയാണ് വൃദ്ധയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉന്നതര്‍ ആശുപത്രിയിലെത്തി വൃദ്ധയുടെ ചികിത്സാ വിവരങ്ങള്‍ തേടി. ഏറ്റവും മികച്ച ചികിത്സ നല്‍കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

കേസിലെ പ്രതിയായ ഓംപ്രകാശ് മുങ്ങിയിരിക്കുകയാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top