200 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചു; നോട്ടുകള്‍ ഉടന്‍ എത്തിയേക്കും

ഫയല്‍ ചിത്രം

ദില്ലി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 200 രൂപയുടെ നോട്ടുകള്‍ അച്ചടിക്കാന്‍ തുടങ്ങി. നോട്ടുനിരോധനത്തെ തുടര്‍ന്ന് കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ ക്ഷാമം നേരിടുന്നത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുന്നത്.

രണ്ടാഴ്ചമുമ്പ് നടന്ന ആര്‍ബിഐ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുത്തതായി എക്കോണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പുതിയ നോട്ടിന്റെ അച്ചടി ആരംഭിച്ച കാര്യം റിസര്‍വ് ബാങ്ക് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ വര്‍ഷം നവംബബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചത്. ഇതോടെ പണത്തിന് ക്ഷാമമായി. തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ഇത് ജനജീവിതം ദുസ്സഹമാക്കി. അന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്.

നോട്ട് അസാധുവാക്കുന്നത് മുന്നില്‍ കണ്ട് വളരെ നേരത്തെ തന്നെ 2000 രൂപ നോട്ടുകള്‍ അച്ചടിച്ചു തുടങ്ങിയിരുന്നു. എന്നാല്‍ ചില്ലറ ക്ഷാമം കാരണം ആളുകള്‍ 2000 രൂപ സ്വീകരിക്കാന്‍ തയ്യാറാവാതെ വന്നതോടെ ആര്‍ബിഐ അഞ്ഞൂറ് രൂപ നോട്ടിന്റെ അച്ചടി വര്‍ധിപ്പിക്കുകയായിരുന്നു.  നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള ആദ്യ വാരം തന്നെ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവച്ച് അഞ്ഞൂറ് രൂപ നോട്ടുകള്‍ കൂടുതലായി അച്ചടിക്കാന്‍ ആരംഭിച്ചതായി റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

DONT MISS
Top