വീണ്ടും വിജയ ശ്രീ; ഓസീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം കെ ശ്രീകാന്തിന്

സിഡ്‌നി: കിടംബി ശ്രീകാന്ത് എന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരത്തിന്റെ വിജയഗാഥകള്‍ തുടരുന്നു. ഓസീസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം കെ ശ്രീകാന്ത് സ്വന്തമാക്കി. തുടരെ രണ്ടാം സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കി ശ്രീ ചരിത്രം രചിച്ചു.

ഫൈനലില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ചൈനയുടെ ചെന്‍ ലോങിനെ എതിരില്ലാത്ത ഗെയിമുകള്‍ക്ക് തറപറ്റിച്ചാണ് ശ്രീ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ 22-20, 21-16. ശ്രീകാന്തിന്റെ നാലാം സൂപ്പര്‍ സീരീസ് കിരീടമാണിത്.

മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയായിരുന്നു ശ്രീയുടെ കിരീട വിജയം. ബാഡ്മിന്റണ്‍ കോര്‍ട്ടിലെ ഇതുവരെ ചോദ്യം ചെയ്യപ്പെടാത്ത ശക്തികളായ ചൈനയുടെ അപ്രമാദിത്വത്തെ ഇന്ത്യന്‍ താരം തകര്‍ത്തെറിഞ്ഞ കാഴ്ച മനോഹരമായിരുന്നു. എതിരാളിയില്‍ നിന്ന് ശക്തമായ ചെറുത്ത് നില്‍പ് ഉണ്ടായെങ്കിലും അതിനെ മികവിലൂടെ മറികടന്ന് ശ്രീ കിരീടം കൈപ്പിടിയില്‍ ഒതുക്കി.

തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനല്‍ കളിച്ച ശ്രീയുടെ തുടര്‍ച്ചയായ രണ്ടാം കിരീടമാണിത്. രണ്ടാഴ്ച മുന്‍പ് അവസാനിച്ച ഇന്തോനേഷ്യന്‍ ഓപ്പണ്‍ സീരീസിലും ശ്രീ കിരീടം നേടിയിരുന്നു.

ആദ്യഗെയിമില്‍ ഇടവേളയ്ക്ക് 11-9 എന്ന നിലയില്‍ മുന്നിട്ട് നിന്ന ശ്രീ പിന്നീട് അല്‍പം പിന്നോട്ട് പോയി. എന്നാല്‍ ഗെയിമിന്റെ അവസാന ഘട്ടത്തില്‍ തിരിച്ചെത്തിയ താരം സ്‌കോര്‍ 17-17 ന് ഒപ്പമാക്കി. പിന്നീട് തുല്യനിലയിലായിരുന്നു സ്‌കോര്‍ മുന്നേറിയത്. ഇരുതാരങ്ങളും ഓരോ പോയിന്റും പൊരുതി നേടി. ഒടുവില്‍ 22-20 ല്‍ ഗെയിം ഇന്ത്യന്‍ താരം സ്വന്തമാക്കുകയായിരുന്നു.

രണ്ടാം ഗെയമിലും ശ്രീകാന്തിന്റെ മുന്നേറ്റമാണ് കണ്ടത്. ഇടയ്ക്ക് ഒപ്പമെത്തിയെങ്കിലും (12-12) ചൈനീസ് താരത്തിന് പിന്നെ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായി അഞ്ച് പോയിന്റുകള്‍ നേടി ശ്രീ മത്സരവും കിരീടവും കൈപ്പിടിയിലൊതുക്കി.

DONT MISS
Top