വീണ്ടും ബാങ്കുകളുടെ ലയനത്തിന് കളമൊരുങ്ങുന്നു; വിജയ ബാങ്കിനെയും ദേന ബാങ്കിനെയും കാനറ ബാങ്കില്‍ ലയിപ്പിക്കാന്‍ നടപടി ആരംഭിച്ചു

ഫയല്‍ ചിത്രം

ദില്ലി : രാജ്യത്ത് വീണ്ടും ബാങ്കുകളുടെ ലയനത്തിന് കളമൊരുങ്ങുന്നു. രാജ്യത്തെ നാലാമത്തെ വലിയ ബാങ്കായ കനറ ബാങ്കുമായി വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ലയിപ്പിക്കാന്‍ നടപടി ആരംഭിച്ചത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം കഴിയുന്നതോടെ ലയനനിര്‍ദേശം മുന്നോട്ടുവെക്കുമെന്നാണ് സൂചന.

രണ്ടുഘട്ടമായി ലയനം പൂര്‍ത്തിയാക്കാനാണ് ആലോചന. ആദ്യഘട്ടമായി താരതമ്യേന ചെറിയ ദേശസാല്‍സാല്‍കൃത ബാങ്കുകളായ വിജയ ബാങ്കും ദേന ബാങ്കും തമ്മില്‍ ലയിക്കും. തുടര്‍ന്ന് രണ്ടാം ഘട്ടമായി ഇതിനെ കാനറാ ബാങ്കുമായി ലയിപ്പിക്കാനാണ് നീക്കം. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ നാലാമത്തെ ബാങ്കാണ് കാനറ ബാങ്ക്.

സ്റ്റേറ്റ് ബാങ്ക് ലയന മാതൃകയില്‍ രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് അഞ്ച് കൂറ്റന്‍ ബാങ്കാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, എന്നിവയെ മുഖ്യ ബാങ്കുകളായി നിലനിര്‍ത്തി ഇതരബാങ്കുകളെ ഇവയില്‍ ലയിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

അടുത്ത ഘട്ടങ്ങളിലായി ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് എന്നിവയെയും, ഐഡിബിഐ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂക്കോ ബാങ്ക് എന്നിവയെയും ലയിപ്പിക്കാന്‍ കേന്ദ്രധനമന്ത്രാലയം ആലോചിക്കുന്നതായി ധനമന്ത്രാലയ അധികൃതര്‍ സൂചിപ്പിച്ചു.

പൊതുമേഖലാ ബാങ്കുകളുടെ ലയന മാതൃകയില്‍ സ്വകാര്യമേഖലയിലെ ബാങ്കുകളെയും ലയിപ്പിക്കാനും കേന്ദ്രസര്‍ക്കാരിന് ആലോചനയുണ്ട്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളുമായി രാജ്യത്തെ സ്വകാര്യ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. പൊതുമേഖലയിലേതുപോലെ, സ്വകാര്യമേഖലയിലും ഒരു കൂറ്റന്‍ ബാങ്കുണ്ടാക്കുകയാണ് ലക്ഷ്യം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top