ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം തേടി കെ ശ്രീകാന്ത് ഇന്നിറങ്ങും

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ ഇന്ത്യയുടെ കിടംബി ശ്രീകാന്ത് ഇന്നിറങ്ങും. ചൈനയുടെ ചെന്‍ ലോങാണ് കലാശപ്പോരില്‍ ശ്രീകാന്തിന്റെ എതിരാളി. തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ശ്രീകാന്ത് ഇറങ്ങുന്നത്.

സെമിയില്‍ ചൈനയുടെ തന്നെ നാലാം സീഡ് ഷി യുഖിയെ തോല്‍പ്പിച്ചാണ് ശ്രീ ഫൈനലിലെത്തിയത്. സ്‌കോര്‍ (21-10, 21-14). 37 മിനിട്ട് മാത്രമാണ് മത്സരംനീണ്ടുനിന്നത്. ഫൈനലിലേക്കുള്ള യാത്രയില്‍ ലോക ഒന്നാം നമ്പര്‍ സണ്‍ വാന്‍ ഹൂ, സ്വന്തം നാട്ടുകാരനായ സായ് പ്രണീത് എന്നിവരേയും ശ്രീ മറികടന്നിരുന്നു. കടുത്ത പോരാട്ടത്തില്‍ ദക്ഷിണ കോറിയയുടെ ലീ ഹ്യൂനെ തോല്‍പ്പിച്ചാണ് ചെന്‍ ലോങ് കിരീടപ്പോരിന് അര്‍ഹത നേടിയത് സ്‌കോര്‍ (26-24, 15-21, 21-17).

രണ്ടാഴ്ച മുന്‍പ് അവസാനിച്ച ഇന്തോനേഷ്യന്‍ ഓപ്പണില്‍ കിരീടം ചൂടിയ ശ്രീ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടം ഉയര്‍ത്തുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശ്രീകാന്തിനിത് തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും ലോകത്തിലെ അഞ്ചാമത്തെ മാത്രം താരവുമാണ് ശ്രീകാന്ത്. നേരത്തെ സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്തോനേഷ്യന്‍ ഓപ്പണ്‍ എന്നിവയുടെ ഫൈനലിലും ശ്രീ കടന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top