രജനികാന്ത് നിരക്ഷരനാണെന്നും, രാഷ്ട്രീയത്തിന് ചേര്‍ന്ന വ്യക്തിത്വമല്ലെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി

സുബ്രഹ്മണ്യ സ്വാമി, രജനീകാന്ത്‌

ചെന്നെെ: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യ സ്വാമി. രജിനികാന്ത് നിരക്ഷരനാണെന്നും അദ്ദേഹത്തിന് രാഷ്ട്രീയം വഴങ്ങില്ലെന്നും സുബ്രഹ്മണ്യ സ്വാമി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ പ്രവേശനത്തിന് സൂചനകള്‍ നല്‍കി കൊണ്ട് താരം തന്റെ ആരാധകരെ അഭിസംബോധന ചെയ്ത സംസാരിച്ച അവസരത്തില്‍ രജനികാന്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണങ്ങളുമായി സുബ്രഹ്മാണ്യ സ്വാമി രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിസങ്ങളില്‍ വ്യത്യസ്ഥ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തിയ രജിനി മാധ്യമങ്ങളെ കണ്ടിരുന്നു.  രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നുള്ള വാര്‍ത്തകള്‍ താന്‍ നിഷേധിക്കുന്നില്ലെന്നും ഇതിന്റെ ഭാഗമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീരുമാനങ്ങളൊന്നും ആയിട്ടില്ലെന്നും  മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്തിനെ വിമര്‍ശിച്ച് കൊണ്ടുള്ള സുബ്രഹ്മണ്യ സ്വാമിയുടെ പ്രസ്താവന പുറത്ത് വരുന്നത്.

രജനികാന്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനുള്ള തെളിവ് നിരത്താന്‍ താന്‍ തയാറാണ് എന്ന് സ്വാമി പറഞ്ഞു. രജനികാന്തിനെതിരായ ആരോപണങ്ങളെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചേദ്യങ്ങള്‍ക്ക് രജനികാന്തിന്റെ സുപ്രസിദ്ധ സംഭാഷണമായ “നാന്‍ ഒരു തടവ് സൊന്നാല്‍ നൂറ് തടവ് സെന്ന മാതിരി” ( ഞാന്‍ ഒരു തവണ പറഞ്ഞാല്‍, നൂറ് തവണ പറഞ്ഞിതിന് സമം) എന്നായിരുന്നു സ്വാമിയുടെ മറുപടി. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ അദ്ദേഹത്തിന് കാലിടറുന്ന പല സന്ദര്‍ഭങ്ങളുമുണ്ടാകുമെന്നും, രാഷ്ട്രീയത്തില്‍ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരണ്ടെന്നാണ് തന്റെ അഭിപ്രായമെന്നും സുബ്രഹ്മണ്യ സ്വാമി കൂട്ടിച്ചേര്‍ത്തു.

DONT MISS
Top