ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: ചരിത്രം കുറിച്ച് കെ ശ്രീകാന്ത് ഫൈനലില്‍

സിഡ്‌നി: ചരിത്രം രചിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിടംബി ശ്രീകാന്ത് ജൈത്രയാത്ര തുടരുന്നു. പരുക്കില്‍ നിന്ന് മോചിതനായെത്തിയ ശേഷം അസാമാന്യ ഫോം തുടരുന്ന ശ്രീകാന്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍ കടന്നു. കാന്ത്.

ചൈനയുടെ ഷി യുഖിയെ തകര്‍ത്താണ് ശ്രീ ഫൈനിലിലേക്ക് കടന്നിരിക്കുന്നത്. വെറും 37 മിനിട്ട് മാത്രം നീണ്ട മത്സരത്തില്‍ 21-10, 21-14 എന്ന സ്‌കോറിനായിരുന്നു ശ്രീയുടെ വിജയം. കഴിഞ്ഞ തവണ സെമിയില്‍ പുറത്തായതിന്റെ ക്ഷീണം തീര്‍ക്കാനും ശ്രീകാന്തിന് കഴിഞ്ഞു. ലോക ഒന്നാം നമ്പര്‍ താരമായ സണ്‍ വാന്‍ ഹൂവിനെ ഉള്‍പ്പെടെ അട്ടിമറിച്ചാണ് ശ്രീകാന്ത് ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നത്.

ചൈനയുടെ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങും കൊറിയയുടെ ലീ ഹുനും തമ്മിലുള്ള മത്സരത്തിലെ വിജയിയെ ആണ് ശ്രീകാന്ത് ഫൈനലില്‍ നേരിടുക.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ അഞ്ചാമത്തെ മാത്രം പുരുഷ താരമാണ് ശ്രീ. നേരത്തെ സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസുകളിലും ശ്രീകാന്ത് ഫൈനലില്‍ കടന്നിരുന്നു. സിംഗപ്പൂര്‍ ഓപ്പണില്‍ ഫൈനലില്‍ തോറ്റ ശ്രീ ഇന്തോനേഷ്യയില്‍ കിരീടം ചൂടിയിരുന്നു.

ഇന്തോനേഷ്യയുടെ സോണി ഡി കുന്‍കോറോ, മലേഷ്യയുടെ ലീ ചോങ് വെയ്, ചൈനീസ് താരങ്ങളായ ചെന്‍ ലോങ്, ലിന്‍ ഡാന്‍ എന്നിവരാണ് നേരത്തെ തുടര്‍ച്ചയായി മൂന്ന് സൂപ്പര്‍ സീരീസ് ഫൈനലുകളിലെത്തിയ മറ്റ് ലോകതാരങ്ങള്‍.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പിവി സിന്ധു, സൈന നെഹ്‌വാള്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായിരുന്നു സൈന.

DONT MISS
Top