നാല് ലക്ഷത്തിന് മുകളില്‍ നിയമ ലംഘകര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി സൗദി അറേബ്യ പാസ്‌പ്പോര്‍ട്ട് വകുപ്പ്‌

പ്രതീകാത്മക ചിത്രം

സൗദി അറേബ്യ: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി 4,75,000 നിയമ ലംഘകര്‍ രാജ്യം വിട്ടതായി പാസ്‌പ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍ യഹ്‌യ പറഞ്ഞു. മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി മൂന്നു ദിവസമാണ് ബാക്കിയുളളതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമ ലംഘകരായി കഴിയുന്ന വിദേശികള്‍ എത്രയും വേഗം രാജ്യം വിടണമെന്ന് സുലൈമാന്‍ അല്‍ യഹ്‌യ ആവശ്യപ്പെട്ടു. നിയമ ലംഘകരുടെ ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് പാസ്‌പ്പോര്‍ട്ട് ഉദ്യോഗസ്ഥരോടും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമാപ്പ് അവസാനിക്കാന്‍ മൂന്ന് ദിവസം മാത്രം അവശേഷിക്കുന്ന സാഹചര്യത്തിലാണ് പാസ്‌പ്പോര്‍ട്ട് വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശം.

നിയമ ലംഘകര്‍ക്ക് വേഗം എക്‌സിറ്റ് അനുവദിക്കുന്നതിനും രാജ്യം വിടുന്നതിനും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ഏജന്‍സികളുമായും പാസ്‌പ്പോര്‍ട്ട് വകുപ്പ് ഏകോപനം നടത്തുന്നുണ്ട്. നിയമ ലംഘകരുടെ ഫൈനല്‍ എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്ന റിയാദിലെയും ജിസാനിലെയും പാസ്‌പ്പോര്‍ട്ട് വകുപ്പ് കേന്ദ്രങ്ങളില്‍ മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്‌യ സന്ദര്‍ശിക്കുകയും ചെയ്തു.

പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിക്കാന്‍ ആലോചിക്കുന്നില്ല. കാലാവധി കഴിഞ്ഞാല്‍ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും റെയ്ഡ് ആരംഭിക്കും. നിയമലംഘകര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൊതുമാപ്പ് വേളയില്‍ ഫൈനല്‍ എക്‌സിറ്റ് നേടി കാലാവധി കഴിഞ്ഞും രാജ്യം വിടാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top