ദയാവധം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതി

വധിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രാജീവ് ഗാന്ധി, ഇന്‍സൈറ്റില്‍ റോബര്‍ട്ട് പയസ്‌

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി റോബര്‍ട്ട് പയസ് ദയാവധം ആവശ്യപ്പെട്ടു. ഇപ്പോള്‍ തമിഴ്‌നാട് പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് റോബര്‍ട്ട്. ജയില്‍ അധികൃതര്‍ക്കും തമിഴ്‌നാട് മുഖ്യമന്ത്രി പളനിസാമിക്കുമാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മേലധികാരികള്‍ക്ക് കൈമാറപ്പെട്ട അപേക്ഷ ആഭ്യന്തര വകുപ്പിലേക്ക് നല്‍കിയിട്ടുണ്ട്.

ഇനി ഒരിക്കലും ജയിലില്‍ നിന്ന് മോചിതനാകുമെന്ന് കരുതുന്നില്ല, ജീവിതത്തിലെ എല്ലാ പ്രതീക്ഷയും അസ്തമിച്ചുവെന്നും റോബര്‍ട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. കേസില്‍ ശിക്ഷയനുഭവിക്കുന്ന എല്ലാവരേയും വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് തീരുമാനിച്ചിരുന്നുവെങ്കിലും അങ്ങനെ വിട്ടയയ്ക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി കൂടിയേ തീരൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പിന്നീട് കേസിന് മറ്റ് നീക്കുപോക്കുകളൊന്നും ഉണ്ടായിട്ടില്ല.

നളിനി, മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരാണ് വധശിക്ഷയില്‍നിന്ന് ഒഴിവായി ജയിലില്‍ കഴിയുന്നത്. രവിചന്ദ്രന്‍, ജയകുമാര്‍, റോബര്‍ട്ട് എന്നിവര്‍ തടവും അനുഭവിക്കുന്നു. റോബര്‍ട്ട് ചെയ്തതായി തെളിയിക്കപ്പെട്ട കുറ്റം ഗൂഢാലോചനയാണ്. ഇപ്പോള്‍ 52 വയസ് തികഞ്ഞ റോബര്‍ട്ട് ജയിലില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കി.

80കളുടെ അവസാനം ഐപികെഎഫ് ശ്രീലങ്കയില്‍ നടത്തിയ നടപടികളുടെ ഭാഗമായുണ്ടായ അതിക്രമങ്ങളില്‍ റോബര്‍ട്ടിന്റെ കുട്ടി മരിച്ചിരുന്നു. തന്റെ കുഞ്ഞ് മരിച്ചതിനാല്‍ ഇന്ത്യയ്‌ക്കെതിരായ പ്രതികാരമായാണ് രാജീവ് വധ ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് ഇയാള്‍ തുറന്ന് സമ്മതിച്ചിരുന്നു.

DONT MISS
Top