അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

പ്രതീകാത്മക ചിത്രം

കാബൂള്‍: ദക്ഷിണ അഫ്ഗാനിസ്ഥാനിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ മരിച്ചു. 50 -ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു ആക്രമണം.

ദക്ഷിണ അഫ്ഗാനിലെ ഹെല്‍മന്ദ് പ്രവിശ്യ തലസ്ഥാനമായ ലഷ്‌കര്‍ ഗായിലാണ് ആക്രമണം. ഇവിടെ ന്യൂ കാബൂള്‍ ബാങ്കിലാണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നു. ബാങ്ക് കവാടത്തില്‍ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും താലിബാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഹെല്‍മന്ദ് പ്രവിശ്യയില്‍ താലിബാന്‍ സംഘത്തിന്റെ സാന്നിദ്ധ്യം ശക്തമാണ്.

ബാങ്കില്‍ പണമിടപാടിനായി നിരവധിപേര്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രണം നടന്നത്. ശമ്പളം പിന്‍വലിക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെയും തിരക്കുള്ള സമയമായിരുന്നു. ഇപാടുകാര്‍ വരിനല്‍ക്കുമ്പോഴാണ് സമീപത്തെ കാറില്‍ സ്‌ഫോടനം നടന്നത്.

ഇതിനിടെ, തീവ്രവാദിയാക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ അഫ്ഗാനിലെ തങ്ങളുടെ സൈനികരുടെ എണ്ണം കൂട്ടാനുള്ള നീക്കം അമേരിക്ക നടത്തുന്നുണ്ടെന്ന സൂചനകള്‍ പുറത്തുവന്നു. ഏകദേശം 8400 അമേരിക്കന്‍ സൈനികരാണ് ഇപ്പോള്‍ അഫ്ഗാനിസ്ഥാനുള്ളത്. ഇതുകൂടാതെ 5000 നാറ്റോ സൈനികരുമുണ്ട്. ഒരിടവേളയ്ക്കുശേഷം താലിബാന്‍ ആക്രണം ശക്തമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ സൈനികരുടെ എണ്ണം കൂട്ടണമെന്ന് അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക കമാന്‍ഡര്‍മാര്‍ ആവശ്യപ്പെട്ടുവരുകയാണ്.

DONT MISS
Top