മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍: ഉന്നതതല യോഗം വേണ്ടെന്ന് റവന്യൂമന്ത്രി; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി

മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും ( ഫയല്‍ )

തിരുവനന്തപുരം : ഒരു ഇടവേളയ്ക്കുശേഷം മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഐഎമ്മും സിപിഐയും വീണ്ടും ഏറ്റുമുട്ടലിനൊരുങ്ങുന്നു. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ജൂലൈ ഒന്നിന് മുഖ്യമന്ത്രി വിളിച്ചുചേർത്തിരിക്കുന്ന ഉന്നതതലയോഗം ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ കത്ത് നൽകി.

കൈയേറ്റക്കാരുടെ പരാതി പ്രകാരമാണ് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുള്ളത്. ഇത്തരക്കാരുടെ പരാതിയിൽ യോഗം വിളിക്കേണ്ട സാഹചര്യമില്ല. മാത്രമല്ല യോഗം വിളിക്കുന്നത് ശരിയല്ലെന്നും, നിയമപരമായ തടസ്സങ്ങളുണ്ടെന്നും റവന്യൂമന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു. കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ നിയമപരമായ കാര്യങ്ങളാണ് നടപ്പാക്കുന്നതെന്നും റവന്യൂമന്ത്രി കത്തില്‍ വ്യക്തമാക്കുന്നു.

മൂന്നാര്‍ പോലീസ് സ്റ്റേഷനു സമീപത്തുള്ള 22 സെന്റ് സ്ഥലവും കെട്ടിടവും ഒഴിപ്പിക്കാന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി എംഎം മണി, എസ് രാജേന്ദ്രന്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് എ കെ മണി, സിപിഐ നേതാവ് സി എ കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള  സര്‍വകക്ഷി സംഘം മുഖ്യമന്തിയെ സമീപിച്ചത്. ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.

 ഇതിനു പിന്നാലെ മൂന്നാര്‍ സംബന്ധിച്ച യോഗം ജൂലൈ ഒന്നിന് വിളിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശത്തില്‍ റവന്യൂ വകുപ്പ് അതൃപ്തി അറിയിച്ചിരുന്നു.

12 വര്‍ഷമായി സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ഭൂമിയാണിത്. 1948 മുതല്‍ ഡിസ്റ്റിലറിക്കായി സര്‍ക്കാര്‍ വിട്ടു നല്‍കിയ ഭൂമിയാണിത്. 1996 ല്‍ ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിക്കുന്നതു വരെ ഈ സ്ഥലം ചില അബ്കാരികളുടെ കൈവശമായിരുന്നു. സര്‍ക്കാര്‍ ഭൂമി കൈയേറിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയതെന്ന് റവന്യൂ വകുപ്പ് പറയുന്നു.

മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ യോഗത്തിലുണ്ടാക്കിയ ധാരണകളൊന്നും തന്നെ ലംഘിച്ചിട്ടില്ല. കുടിയേറ്റ കര്‍ഷകര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും പത്തുസെന്റില്‍ താഴെയുള്ള ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും റവന്യൂ അധികൃതര്‍ വിശദീകരിച്ചിരുന്നു.

DONT MISS
Top