ജിയോണി: ഒന്നേകാല്‍ കോടി ഉപഭോക്താക്കള്‍ എന്ന അതുല്യ നേട്ടത്തിലെത്തിയ കമ്പനിയുടെ ഇന്ത്യയിലെ നാല് വര്‍ഷങ്ങള്‍

എ1 ഫോണുമായി കോലി

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി പതിയെ ‘തലപൊക്കി’ വന്ന സമയത്താണ് ജിയോണി ഇന്ത്യയിലെത്തിയത്. എന്നാല്‍ അതിന് മുമ്പുതന്നെ ജിയോണി ഇന്ത്യക്കാരുടെ കയ്യിലെത്തിയിരുന്നു. എന്നാല്‍ അത് മറ്റ് ഇന്ത്യന്‍ കമ്പനികളുടെ പേരിലാണെന്നുമാത്രം. ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടേതായ ബ്രാന്‍ഡില്‍ മൊബൈല്‍ നിര്‍മിച്ച് നല്‍കിയാണ് ജിയോണി ഇന്ത്യന്‍ മൊബൈല്‍ വിപണിയേക്കുറിച്ച് പഠിച്ചത്.

ഒരുപക്ഷേ ‘ചൈന മൊബൈല്‍’ എന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ അവജ്ഞ മാറ്റിയെടുത്തത് ജിയോണിയായിരിക്കണം. അന്നുവരെ ഡൂപ്ലിക്കേറ്റ് മൊബൈല്‍ എന്ന ലേബലില്‍ അറിയപ്പെട്ടിരുന്ന ‘ചൈനാ ഫോണിനെ’ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ വന്നപ്പോഴാണ്. ജിയോണിയായിരുന്നു ഇന്ത്യന്‍ കമ്പനികള്‍ക്ക് മുഖ്യമായും മൊബൈല്‍ നിര്‍മിച്ച് നല്‍കിയിരുന്നത്. പതിയെ പതിയെ ഇന്ത്യന്‍ കമ്പനികളുടെ മൊബൈലുകള്‍ പെട്ടന്ന് കേടാകുന്നില്ല എന്നും മിനിമം നിലവാരം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞു.

ഈ ഘട്ടത്തിലാണ് കമ്പനി ഇന്ത്യന്‍ വിപണിയിലേക്ക് നേരിട്ടെത്തുന്നത്. വരവ് 2013 ഫെബ്രുവരി അവസാനമായിരുന്നു. ആ ഘട്ടത്തില്‍ കാല്‍ കോടിയോളം ഫോണുകള്‍ പ്രതിവര്‍ഷം ചൈനയില്‍ കമ്പനി വിറ്റഴിച്ചിരുന്നു. വിയറ്റ്‌നാം, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, തായ് വാന്‍ എന്നീ രാജ്യങ്ങളായിരുന്നു കമ്പനിയുടെ പ്രധാന വിദേശ മാര്‍ക്കറ്റുകള്‍. അതുകൊണ്ടുതന്നെ ഇന്ത്യപോലൊരു രാജ്യത്ത് വന്‍ സാധ്യതകളാണ് കമ്പനി കണ്ടത്. ഒരുപക്ഷേ ഇന്ത്യന്‍ വിപണിയെ വിശ്വാസത്തിലെടുത്ത് വന്‍തോതില്‍ മുതല്‍ മുടക്കി എത്തിയ ആദ്യ ചൈനീസ് കമ്പനി ജിയോണിയായിരിക്കാം.

വില കുറഞ്ഞ ചൈന ഫോണ്‍ എന്ന ലേബലിലായിരുന്നില്ല ജിയോണി എത്തിയത്. വിലയും അതോടൊപ്പം കോണ്‍ഫിഗറേഷിനുകളും ഉയര്‍ന്ന ഫോണുകള്‍ ജിയോണി ഇന്ത്യയിലേക്കെത്തിച്ചു. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോണുകള്‍ പുറത്തിറക്കിയും ജിയോണി ശ്രദ്ധയാകര്‍ഷിച്ചു. 6.9 മില്ലിമീറ്റര്‍ കനമുള്ള ഐഫോണ്‍ 6നേയും 6.7 മില്ലീമീറ്റര്‍ കനമുള്ള സാംസങ്ങ് ഗ്യാലക്‌സി ആല്‍ഫയേയും കടത്തിവെട്ടി വെറും 5.3 മില്ലീമീറ്റര്‍ മാത്രം കനമുള്ള ഇ ലൈഫ് എസ്5.1 എന്ന സ്മാര്‍ട്ട്‌ഫോണ്‍ ജിയോണി നിര്‍മിച്ചു.

ഫീച്ചേര്‍ഡ് ഫോണുകളില്‍ നിന്ന് സ്മാര്‍ട്ട് ഫോണുകളിലേക്ക് മാറിയ ആളുകളുടെ ഏറ്റവും വലിയ പ്രശ്‌നം പുതിയ ഫോണുകളില്‍ ബാറ്ററി ചാര്‍ജ്ജ് നില്‍ക്കുന്നില്ല എന്നായിരുന്നു. എന്നാല്‍ മാരത്തണ്‍ എന്നൊരു സീരിസ് തന്നെ നിര്‍മിച്ച് ജിയോണി അതിനും പരിഹാരം കണ്ടെത്തി. 4000 എംഎഎച്ചും 5000 എംഎഎച്ചും ബാറ്ററികള്‍ ഉള്ള സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യക്കാര്‍ ഉപയോഗിച്ചുതുടങ്ങിയതും ജിയോണിയിലൂടെത്തന്നെ.

പരുക്കനായി ഉപയോഗിച്ചാലും പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാകാത്ത ഫോണിനെ ഇന്ത്യക്കാര്‍ വിശ്വസിച്ചു. പല രീതിയിലുള്ള കമ്പനിയുടെ വളര്‍ച്ചക്ക് പിന്നീട് ഇന്ത്യന്‍ വിപണി സാക്ഷ്യം വഹിച്ചു. നിരവധി ചൈനീസ് കമ്പനികള്‍ ഇന്ത്യയിലേക്ക് ഇടിച്ചുകയറിയെങ്കിലും ജിയോണി തങ്ങളുടെ വിപണി വിഹിതം ആര്‍ക്കും വിട്ടുകൊടുക്കാതെ കാത്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്ന ഐപിഎല്‍ ടീമിനെ സ്‌പോണ്‍സര്‍ ചെയ്ത് വീണ്ടും കമ്പനി ജനകീയമായി. നിലവില്‍ വിരാട് കോലിയാണ് കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍.

ജിയോണിയുടെ പുത്തന്‍ മോഡലായ എ1 എന്ന സ്മാര്‍ട്ട് ഫോണിന്റെ ലിമിറ്റഡ് എഡിഷന്‍  പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോള്‍ ജിയോണി. വിരാടിന്റെ ഒപ്പോടുകൂടിയാകും ഫോണ്‍ എത്തുക. 16,000 രൂപയില്‍ താഴെ വിലവരുന്ന ഫോണ്‍ 4 ജിബി റാമും 2 ഗിഗാഹെര്‍ട്‌സ് ഓക്ടാക്കോര്‍ മീഡിയാടെക് ഹെലിയോ പി10 എംടി6755 പ്രൊസസ്സറുമായാണ് എത്തുന്നത്. സെല്‍ഫി പ്രേമികള്‍ക്കായി 16 മെഗാപിക്‌സല്‍ ക്യാമറ ഉള്‍പ്പെടുത്തിയപ്പോള്‍ പിന്നില്‍ 13 മെഗാ പിക്‌സല്‍ ക്യാമറയാണുള്ളത്‌. 64 ജിബി ആന്തരിക സംഭരണ ശേഷിയും 4010 എംഎഎച്ച് ബാറ്ററിയും ഫോണിനെ മികവുറ്റതാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top