ഓസീസ് ഓപ്പണ്‍ ബാഡ്മിന്റണിന് ഇന്ന് തുടക്കം: വിജയഗാഥ തുടരാന്‍ ശ്രീകാന്ത്

കെ ശ്രീകാന്ത് ( ഫയല്‍ ചിത്രം )

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം. ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീട ജേതാവ് കെ ശ്രീകാന്ത്, നിലവിലെ ജേതാവ് സൈന നെഹ്‌വാള്‍, എച്ച്എസ് പ്രണോയ്, പിവി സിന്ധു എന്നിവര്‍ ഇന്ത്യയുടെ പ്രതീക്ഷകളുമായി കളത്തിലിറങ്ങും. ലോകചാമ്പ്യന്‍ഷിപ്പിന് ഒരുങ്ങാനുള്ള അവസരമാണ് താരങ്ങള്‍ക്ക് ഈ ടൂര്‍ണമെന്റ്.

ഇന്ന് യോഗ്യതാ റൗണ്ടോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഇന്തോനേഷ്യന്‍ ഓപ്പണിലെ കിരീടവിജയത്തിന്റെ കരുത്തുമായാണ് ശ്രീകാന്ത് കളത്തിലിറങ്ങുന്നത്. വമ്പന്‍മാരെ അട്ടിമറിച്ചായിരുന്നു ഇന്തോനേഷ്യയിലെ ശ്രീയുടെ വിജയഗാഥ. നിലവിലെ ജേതാവ് എന്ന മഹിമയുമായാണ് ഒളിമ്പിക് വെങ്കലമെഡല്‍ ജേതാവ് കൂടിയായ സൈന കളത്തിലിറങ്ങുന്നത്. ഇന്തോനേഷ്യന്‍ ഓപ്പണില്‍ തിളങ്ങാതിരുന്ന സൈനയ്ക്കും സിന്ധുവിനും ലോകചാമ്പ്യന്‍ഷിപ്പിന് മുന്‍പ് നിര്‍ണായകമാണ് ഈ ടൂര്‍ണമെന്റ്. ഇന്തോനേഷ്യയില്‍ ഇരുതാരങ്ങളും രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണില്‍ പ്രമുഖരെ ഞെട്ടിച്ച മലയാളി താരം എച്ച്എസ് പ്രണോയി കിരീടനേട്ടം തന്നെയാകും ഇവിടെ ലക്ഷ്യമിടുക.

യോഗ്യതാ റൗണ്ടില്‍ ഇന്ന് ജപ്പാന്റെ കസുമാസ സകായിയാണ് പ്രണോയിയുടെ എതിരാളി. ഇന്തോനേഷ്യന്‍ ഓപ്പണിന്റെ സെമിയിലേറ്റ തോല്‍വിക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണ് മലയാളി താരത്തിന് ലഭിച്ചിരിക്കുന്നത്. സൈനയ്ക്കും സിന്ധുവിനും ഇന്തോനേഷ്യന്‍ ഓപ്പണ്ഡ ഫൈനലിസ്റ്റുകളാണ് ആദ്യ റൗണ്ട് എതിരാളികള്‍. ശ്രീകാന്ത് നാളെയാണ് തന്റെ ആദ്യമത്സരത്തിന് ഇറങ്ങുന്നത്.

DONT MISS
Top